ഓരോ അധ്യയനവര്‍ഷവും പാഠപുസ്തകങ്ങള്‍ പുതുക്കണമെന്ന് എന്‍സിഇആര്‍ടിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. പാഠപുസ്തകങ്ങള്‍ പുതുക്കുന്നതിന് ഇപ്പോള്‍ കാലക്രമം നിശ്ചയിച്ചിട്ടില്ല. ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുസ്തകങ്ങളിലെ നവീകരണം അനിവാര്യമായതിനാലാണ് ഇത്തരമൊരു നിര്‍ദേശമെന്നു വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.
കഴിഞ്ഞവര്‍ഷം രൂപപ്പെടുത്തിയ പുതുക്കിയ പാഠ്യപദ്ധതിയനുസരിച്ചുള്ള പാഠപുസ്തകങ്ങള്‍ തയാറാക്കുന്ന തിരക്കിലാണ് എന്‍സിഇആര്‍ടി ഇപ്പോള്‍.
2026 ഓടെ എല്ലാ ക്ലാസുകളിലും പുതുക്കിയ പാഠപുസ്തകം ലഭ്യമാക്കും. ഈ വര്‍ഷം മൂന്നാം ക്ലാസിലും ആറാം ക്ലാസിലുമാണു പുതിയ പാഠപുസ്തകങ്ങള്‍ ഉപയോഗിക്കുന്നത്. എന്‍സിഇആര്‍ടി ഈ വര്‍ഷം അതിന്റെ ചരിത്രം, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി പാഠപുസ്തകങ്ങളില്‍ ചില പ്രധാന മാറ്റങ്ങള്‍ വരുത്തുകയും ബാബറി മസ്ജിദ്, ഹിന്ദുത്വ രാഷ്ട്രീയം, 2002 ലെ ഗുജറാത്ത് കലാപം, ന്യൂനപക്ഷങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കുകയും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ചേര്‍ക്കുകയും ചെയ്തിരുന്നു.