Sunday, November 24, 2024

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം; രാത്രി പത്തിന് ശേഷം ഉപയോഗം കൂടി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി. വൈദ്യുതി ആവശ്യകതയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനമാണ് വര്‍ധന. കഴിഞ്ഞ വര്‍ഷം 5024 മെഗാവാട്ട് ആയിരുന്നു ശരാശരി ആവശ്യകത. ഇത്തവണ അത് 5854 മെഗാവാട്ടായി വര്‍ധിച്ചു. മൂന്ന് മുതല്‍ അഞ്ച് വരെ വര്‍ധന പ്രതീക്ഷിച്ചായിരുന്നു വൈദ്യുതി വകുപ്പ് മുന്‍കരുതല്‍ സ്വീകരിച്ചത്. എന്നാല്‍ 15 ശതമാനം വര്‍ധനയെന്ന കണക്ക് വൈദ്യുതി വകുപ്പിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

രാത്രി പത്ത് മണിക്ക് ശേഷമാണ് വൈദ്യുതി ഉപയോഗത്തില്‍ ക്രമാതീതമായി വര്‍ധന ഉണ്ടായിരിക്കുന്നത്. പത്ത് മണിക്ക് ശേഷമുള്ള വൈദ്യുതി വാങ്ങുന്നതിനും വൈദ്യുതി ബോര്‍ഡ് വന്‍ വിലയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. വൈദ്യുതി നിരക്കും പെനാല്‍റ്റിയും ചേര്‍ത്ത് യൂണിറ്റിന് 20 രൂപ നല്‍കിയാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് പത്ത് മണിക്ക് ശേഷമുള്ള ഉപയോഗത്തിനായി വൈദ്യുതി വാങ്ങുന്നത്. 10 രൂപ വൈദ്യുതി നിരക്കും 10 രൂപ പെനാല്‍റ്റിയും ആയി ബോര്‍ഡ് നിലവില്‍ നല്‍കുന്നുണ്ട്. പരിധിയില്‍ കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വന്നതോടെയാണ് പിഴ തുകയും വകുപ്പ് അടക്കേണ്ട സാഹചര്യം ഉണ്ടായത്.

വൈദ്യുതി ഉപയോഗം ക്രമാതീതമായി കൂടിയതോടെ വലിയ പ്രതിസന്ധിയിലേക്കാണ് സംസ്ഥാനവും വൈദ്യുതി വകുപ്പും എത്തിയിരിക്കുന്നത്. വേനല്‍ കനത്തത്തോടെയാണ് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നത്.

 

 

Latest News