വടക്കൻ തായ്ലൻഡിലെ ഒരു ജനപ്രിയ ആന സങ്കേതത്തിൽ വ്യാഴാഴ്ച ഉണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ട് ആനകൾ ചെരിഞ്ഞു. വെള്ളപ്പൊക്കത്തെ തുടർന്ന് ഡസൻ കണക്കിന് വിനോദസഞ്ചാരികൾക്കൊപ്പം നൂറോളം ആനകളെ ഒഴിപ്പിക്കുകയും ചെയ്തു. ചിയാങ് മായ് നഗരത്തിനടുത്തുള്ള എലിഫന്റ് നേച്ചർ പാർക്കിൽ ആണ് സംഭവം നടന്നത്.
ഉയർന്ന നിരപ്പിലുള്ള വെള്ളത്തിലൂടെ ആനകളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ കൂടെ അനേകരാണ് കണ്ടത്. “അവയുടെ ജീവൻ രക്ഷിക്കാൻ ഞങ്ങൾ നടത്തിയ ഏറ്റവും വലിയ ഒഴിപ്പിക്കലായിരുന്നു ഇത്, വെള്ളം അതിവേഗം ഉയർന്നു”, എലിഫന്റ് നേച്ചർ പാർക്കിന്റെ സ്ഥാപകനായ സെയംഗ്ഡുവാൻ ലെക്ക് ചൈലേർട്ട് സിഎൻഎന്നിനോട് പറഞ്ഞു, വെള്ളപ്പൊക്കത്തെ പാർക്ക് ഇതുവരെ അനുഭവിച്ചതിൽ വച്ച് ഏറ്റവും കഠിനമായ ഒന്നായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
വെള്ളം ഉയരുമ്പോൾ പാപ്പാന്മാർ ആയ ജീവനക്കാർ ആനകളോട് പോകൂ പോകൂ എന്ന് ഉച്ചത്തിൽ പറയുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാൻ കഴിയും. വ്യാഴാഴ്ച രാത്രി പല മൃഗങ്ങളും അടുത്തുള്ള ഒരു പർവതത്തിൽ അഭയം കണ്ടെത്തിയപ്പോൾ രാവിലെ വരെയും അവയ്ക്കു മടങ്ങാൻ പാകത്തിലുള്ള അവസരം ഉണ്ടായിട്ടില്ല എന്ന് ചൈലേർട്ട് വെളിപ്പെടുത്തി.