“ഹ്യൂസ്റ്റണിലെ എലിസബത്ത് രാജ്ഞി” എന്നറിയപ്പെടുന്ന എലിസബത്ത് ഫ്രാൻസിസ് അന്തരിച്ചു. അമേരിക്കയിൽ ജീവിച്ചിരുന്നവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ഇവർ 115-ാം വയസ്സിൽ ആണ് അന്തരിച്ചത്. മരിക്കുന്നതുനു മുൻപ് ലോകത്തിലെ മൂന്നാമത്തെ പ്രായം കൂടിയ വ്യക്തിയായി അറിയപ്പെട്ടിരുന്നതും എലിസബത്തായിരുന്നു.
“ആളുകൾ അവളെ സ്നേഹിച്ചിരുന്നു. അവർ സ്നേഹത്തോടെ എലിസബത്തിനെ സന്ദർശിക്കാൻ എത്തി. അവർ അത് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു”- അവസാന കാലങ്ങളിൽ എലിസബത്തിനെ പരിചരിച്ചിരുന്ന ഹാരിസൺ വെളിപ്പെടുത്തുന്നു. അവരുടെ മരണത്തിന് മുമ്പ്, എലിസബത്ത് ചരിത്രത്തിലെ 21-ാമത്തെ ഏറ്റവും പ്രായം കൂടിയ അമേരിക്കക്കാരിയും ജീവിച്ചിരിക്കുന്ന 54-ാമത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയുമാണെന്ന് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തികളെ ട്രാക്കുചെയ്യുന്ന ആഗോള ഡാറ്റാബേസായ ലോംഗെവി ക്വസ്റ്റ് പറയുന്നു. ഫ്രാൻസിസും സഹോദരി ബെർത്ത ജോൺസണും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സഹോദര ജോഡികളായി ചരിത്രം സൃഷ്ടിച്ചിരുന്നു.
എലിസബത്തിന്റെ സഹോദരി ബെർത്ത 2011 ൽ മരിക്കുന്നതിന് മുമ്പ് 106 വയസ് പൂർത്തിയാക്കിയിരുന്നു. “എനിക്ക് എല്ലാ ദിവസവും ജീവിക്കാൻ തോന്നുന്നു!” എന്നായിരുന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ അമേരിക്കക്കാരി എന്ന നിലയിൽ എന്ത് തോന്നുന്നു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഒരിക്കൽ അവർ മറുപടി നൽകിയത്.
1909 -ൽ ലൂസിയാനയിലെ സെന്റ് മേരി ഇടവകയിൽ ജനിച്ച എലിസബത്ത് അവരുടെ ജീവിതകാലത്ത് ഒരുപാട് കാര്യങ്ങൾക്കു സാക്ഷ്യം വഹിച്ചു. 20 പ്രസിഡന്റുമാർ, രണ്ട് ലോകമഹായുദ്ധങ്ങൾ, വേർപിരിയപ്പെട്ട സമൂഹം, പൗരാവകാശ പ്രസ്ഥാനങ്ങളുടെ വളർച്ച എന്നിവയ്ക്ക് അവർ തത്സമയം സാക്ഷ്യം വഹിച്ചു. ഈ വർഷം അവരുടെ 115-ാം ജന്മദിനത്തിൽ, എലിസബത്തിനു ബരാക് ഒബാമയിൽ നിന്നും മിഷേൽ ഒബാമയിൽ നിന്നും ഒരു കത്ത് ലഭിച്ചു. അത് അവരുടെ സംഭാവനകളെയും അവർ ജീവിച്ച ചരിത്രത്തെയും അംഗീകരിക്കുന്നതായിരുന്നു.