സിറിയയിൽ വർധിച്ചുവരുന്ന വിമത ആക്രമണങ്ങൾ കണക്കിലെടുത്ത് ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം. സിറിയയിൽ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി.
“സാധ്യമായവർ, ലഭ്യമായ ഏറ്റവും അടുത്ത വാണിജ്യവിമാനങ്ങളിൽ നാട്ടിലേക്കു മടങ്ങുക. മറ്റുള്ളവർ അവരുടെ സുരക്ഷയെക്കുറിച്ച് പരമാവധി മുൻകരുതലെടുക്കാനും നിരീക്ഷിക്കാനും ചലനങ്ങൾ പരമാവധി പരിമിതപ്പെടുത്താനും അഭ്യർഥിക്കുന്നു” – വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
“വടക്കൻ സിറിയയിൽ അടുത്തിടെ നടന്ന പോരാട്ടം ഞങ്ങൾ ശ്രദ്ധിക്കുന്നു. ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഞങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്കുവേണ്ടി അവരുമായി അടുത്ത ബന്ധം പുലർത്തുന്നു” – വെള്ളിയാഴ്ച ഒരു പത്രസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വെളിപ്പെടുത്തി. വിവിധ സന്നദ്ധസംഘടനകളിൽ പ്രവർത്തിക്കുന്ന 14 പേർ ഉൾപ്പെടെ 90 ഇന്ത്യൻ പൗരന്മാർ സിറിയയിലുണ്ട് എന്നാണ് വിദേശകാര്യ മന്ത്രാലം കരുതുന്നത്. ഇവർ ദമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി അടുത്ത ബന്ധം നിലനിർത്താൻ എം. ഇ. എ. നിർദേശിച്ചു.