സുഡാനിലെ ആഭ്യന്തരയുദ്ധത്തില്‍ കുടുങ്ങിയ സാധാരണക്കാര്‍ അനുഭവിക്കുന്നത് വിവിധങ്ങളായ ദുരിതങ്ങളാണ്. ബലാത്സംഗം, വംശീയ അക്രമം, തെരുവ് വധശിക്ഷകള്‍ എന്നിവയെല്ലാം അവിടെ നിത്യസംഭവങ്ങളാണ്. വീടുകളേയും റോഡുകളേയും പോലും കുലുക്കുന്ന തരത്തിലുള്ള വലിയ സ്‌ഫോടനങ്ങള്‍ പതിവാണ്. അപ്പോഴെല്ലാം ആളുകള്‍ നിലവിളിച്ചുകൊണ്ട് എല്ലാ ദിശകളിലേക്കും ഓടും. സ്‌ഫോടനത്തിനുശേഷം കനത്ത പുക വന്ന് എല്ലായിടവും മൂടും.
രാജ്യത്തിന്റെ സൈന്യവും അതിന്റെ മുന്‍ സഖ്യകക്ഷിയായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്) എന്ന അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള കടുത്ത അധികാര പോരാട്ടം രാജ്യത്തുടനീളം കുറഞ്ഞത് 14,000 പേരെ കൊന്നു. സുഡാനിലെ ഈ സംഘര്‍ഷം രാജ്യത്തെ സമീപകാല ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് തള്ളിവിടുകയാണെന്നും ലോകത്തിലെ ഏറ്റവും വലിയ പട്ടിണി പ്രതിസന്ധിക്ക് ഇത് കാരണമാകുമെന്നും യുഎന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഏതാണ്ട് ഒരു വര്‍ഷമായി, സൈന്യവും ആര്‍എസ്എഫും തമ്മില്‍ നടന്നു വരുന്ന യുദ്ധത്തിനിടെ മറ്റുപല പ്രതിസന്ധികളും സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരിടേണ്ടി വന്നതായി പലരും വെളിപ്പെടുത്തി. ഡാര്‍ഫറില്‍ നിന്ന് അയല്‍രാജ്യമായ ഛാഡിലേക്ക് രക്ഷപ്പെട്ട സ്ത്രീകള്‍ വെളിപ്പെടുത്തിയതനുസരിച്ച്, ഒന്നിലധികം തവണ അവര്‍ സൈനികരാല്‍ ബലാത്സംഗം ചെയ്യപ്പെട്ടു. തെരുവ് വധശിക്ഷകളില്‍ നിന്നും തട്ടിക്കൊണ്ടുപോകലുകളില്‍ നിന്നും തങ്ങള്‍ രക്ഷപ്പെട്ടതായി വിവിധ ക്യാമ്പുകളില്‍ കഴിയുന്ന പുരുഷന്മാരും പറയുന്നു. സൈനിക പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് അനുവാദമില്ല. തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോരുമെന്ന ഭയത്തിലാണ് സൈന്യം. റോഡിലെ മിക്ക വാഹനങ്ങളും സൈനികരുടേതാണ്.
ഒംദുര്‍മാന്‍ നഗരത്തിലെ പഴയ മാര്‍ക്കറ്റ്, ഒരു കാലത്ത് നാട്ടുകാരും സന്ദര്‍ശകരുമായി വലിയ തിരക്കുള്ളതായിരുന്നു. യുദ്ധത്തിനും സംഘര്‍ഷങ്ങള്‍ക്കുമിടയില്‍ അതിന്റെ കടകള്‍ പൂര്‍ണ്ണമായി കൊള്ളയടിക്കപ്പെട്ടു. ആര്‍എസ്എഫ് ആണ് കൊള്ളയും ആക്രമണവും നടത്തിയെന്നും പലരും ആരോപിക്കുന്നു. ‘അവര്‍ വീടുകളിലെ സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയി. കാറുകളും ടിവികളും മോഷ്ടിച്ചു, അവര്‍ വൃദ്ധരെയും സ്ത്രീകളെപ്പോലും മര്‍ദ്ദിച്ചു’. ഒരു സിവിലിയന്‍ പറഞ്ഞു.
ബലാത്സംഗം ആയുധം
യുദ്ധമേഖലയില്‍ നിന്ന് രക്ഷപെട്ട് പലായനം ചെയ്യുന്നതിനിടെ സൈന്യത്തിന്റെ കയ്യില്‍ അകപ്പെട്ട 19 കാരി പെണ്‍കുട്ടി ഗര്‍ഭച്ഛിദ്രം ആവശ്യപ്പെട്ട് ചാരിറ്റിയായ മെഡെസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സ് നടത്തുന്ന ഒരു താല്‍ക്കാലിക ക്ലിനിക്കില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് താന്‍ ഗര്‍ഭിണിയാണെന്ന് അവള്‍ അറിഞ്ഞത്. ‘ഞാന്‍ വിവാഹിതയായിട്ടില്ല, ഞാന്‍ കന്യകയായിരുന്നു’. ഇടറുന്ന വാക്കുകളില്‍ അവള്‍ പറഞ്ഞു. ‘മറ്റുള്ളവര്‍ രക്ഷപ്പെട്ടു, പക്ഷേ അവര്‍ എന്നെ ഒരു ദിവസം മുഴുവന്‍ പിടിച്ചു വച്ചു. അവരില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നു, ഞാന്‍ രക്ഷപ്പെടുന്നതിന് മുമ്പ്, ഒരാള്‍ എന്നെ പലതവണ ബലാത്സംഗം ചെയ്തു’. അവള്‍ പറയുന്നു. സാധാരണക്കാര്‍ക്കെതിരായ ആക്രമണങ്ങളുടെ നിരവധി സാക്ഷ്യപത്രങ്ങളില്‍ ഒന്ന് മാത്രമാണ് ഈ പെണ്‍കുട്ടിയുടെ കഥ.
കഴിഞ്ഞ ഏപ്രിലിന് ശേഷം 10,000-ത്തിലധികം ആളുകള്‍ ഈ പ്രദേശത്ത് കൊല്ലപ്പെട്ടതായി യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായ 120 ഓളം പേരെ യുഎന്‍ കണ്ടെത്തിയിട്ടുണ്ട്. ശരിയായ കണക്ക് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. RSF യൂണിഫോമിലുള്ള പുരുഷന്മാരും ഗ്രൂപ്പുമായി ബന്ധമുള്ള ആയുധധാരികളുമാണ് 80% ആക്രമണങ്ങള്‍ക്കും ഉത്തരവാദികളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സുഡാന്‍ സൈന്യത്തിന്റെ ലൈംഗികാതിക്രമങ്ങളുടെ ചില റിപ്പോര്‍ട്ടുകളും ഉണ്ട്. ആഫ്രിക്കന്‍ സമൂഹങ്ങളെ ഭയപ്പെടുത്തുന്നതിനും അവരെ പലായനം ചെയ്യിക്കുന്നതിനുമുള്ള ഒരു മാര്‍ഗമായി ബലാത്സംഗം വ്യാപകമായി ഉപയോഗിക്കപ്പെട്ടതായി യുഎന്‍ പറയുന്നു. ബലാത്സംഗം സമൂഹത്തിലും കുടുംബത്തിലും ആഘാതം സൃഷ്ടിക്കുന്നതിനാലാണ് അവര്‍ സ്ത്രീകളോട് ഇത് ചെയ്യുന്നതെന്നും യുഎന്‍ കൂട്ടിച്ചേര്‍ക്കുന്നു.
കഴിഞ്ഞ 11 മാസത്തിനുള്ളില്‍ മൂന്ന് ദശലക്ഷത്തിലധികം ആളുകള്‍ കാര്‍ട്ടൂം സംസ്ഥാനത്തില്‍ നിന്ന് പലായനം ചെയ്തു. പ്രായമായവര്‍ മാത്രമാണ് അവശേഷിക്കുന്നത്. ഫെബ്രുവരി പകുതിയോടെ, സുഡാനീസ് സൈന്യം നഗരം തിരിച്ചുപിടിച്ചു. സാധാരണക്കാര്‍ ഇപ്പോള്‍ മടങ്ങിവരാന്‍ തുടങ്ങിയിരിക്കുന്നു, പക്ഷേ ഈ പ്രധാന തെരുവിന്റെ മധ്യത്തില്‍ ഇപ്പോഴും ബോംബുകള്‍ വീഴുന്നുണ്ട്. സിവിലിയന്മാരെ സംരക്ഷിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും, വ്യോമാക്രമണം ശക്തമായി ഉപയോഗിച്ചതിന് സുഡാനീസ് സൈന്യം പലപ്പോഴും വിമര്‍ശിക്കപ്പെടുന്നുണ്ട്. നഗരത്തിലെ തുറസ്സായ സ്ഥലങ്ങളെല്ലാം താല്‍ക്കാലിക ശവക്കുഴികളാല്‍ മൂടപ്പെട്ടിരിക്കുന്നു. തകര്‍ന്ന ഇഷ്ടികകളും ബോര്‍ഡുകളും കോണ്‍ക്രീറ്റ് സ്ലാബുകളും കൊണ്ട് അടയാളപ്പെടുത്തിയ പരുക്കന്‍ മണ്‍കൂനകളാണ് എല്ലായിടത്തും.
പട്ടിണിയുടെ വക്കില്‍
യുദ്ധത്തിനു ശേഷം, ചില കമ്മ്യൂണിറ്റികള്‍ പട്ടിണിയുടെ വക്കിലാണ് എന്ന് യുഎന്നിന്റെ കുട്ടികളുടെ ഏജന്‍സിയായ യുനിസെഫ് പറയുന്നു. സാഹചര്യം നിയന്ത്രണാതീതമായിക്കൊണ്ടിരിക്കുകയാണെന്ന് സഹായ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കുന്നു. ലക്ഷക്കണക്കിന് കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നു.
സുഡാനിലെ സ്‌കൂളുകളിലെ ക്ലാസ് മുറികള്‍ ഇപ്പോള്‍ നിരാലംബരായ കുടുംബങ്ങളാല്‍ തിങ്ങിനിറഞ്ഞിരിക്കുന്നു. മാലിന്യക്കൂമ്പാരത്തില്‍ കുട്ടികള്‍ നഗ്‌നപാദരായി കളിക്കുന്നു. മുറ്റത്തിന്റെ ഒരു വശത്തുകൂടി മലിനജലം ഒഴുകുന്നു. ഇവിടെ അഞ്ച് പേര്‍ കോളറ ബാധിച്ച് മരിച്ചതായും പറയുന്നു.
ആരോപണങ്ങള്‍ നിഷേധിച്ച് ഇരുപക്ഷവും
ഇരുപക്ഷവും യുദ്ധക്കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ആര്‍എസ്എഫും അതിന്റെ സഖ്യകക്ഷികളും മനുഷ്യത്വത്തിനും വംശീയ ഉന്മൂലനത്തിനും എതിരായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും യുഎസ് അന്വേഷണ ഏജന്‍സികളും പറയുന്നു. പക്ഷേ ഇരുപക്ഷവും ആരോപണങ്ങള്‍ നിഷേധിക്കുന്നു. യുദ്ധം തുടങ്ങി പതിനൊന്ന് മാസങ്ങള്‍ പിന്നിടുമ്പോഴും പോരാട്ടം അവസാനിപ്പിക്കാന്‍ ഇരുവശത്തും തീരുമാനമുള്ളതായി സൂചനയില്ല. പോകാന്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും രാജ്യം വിട്ട് പലായനം ചെയ്തു. സംഘര്‍ഷവും പട്ടിണിയും രോഗവും തുടരുന്ന സാഹചര്യത്തില്‍ പലരും ആഗ്രഹിക്കുന്ന ആര്‍ക്കെങ്കിലും വിജയം പ്രഖ്യാപിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ യുദ്ധത്തിനെങ്കിലും അയവ് വന്നേനെ എന്നാണ്.