Saturday, November 23, 2024

പാരസെറ്റമോള്‍ കഴിച്ചാല്‍ കാന്‍സര്‍ വരുമോ?

‘ഡോക്ടര്‍ക്ക് അറിയാമല്ലോ എന്റെ അമ്മാവന്‍ കാന്‍സര്‍ സര്‍ജറി കഴിഞ്ഞു കിടക്കുന്ന ആളാണ്. പിന്നെയെന്തിനാണ് കാന്‍സറുണ്ടാകുന്ന മരുന്നുതന്നെ വീണ്ടും പുള്ളിക്കു കൊടുക്കുന്നത്?’ സോഷ്യല്‍ മീഡിയയിലെ വ്യാജഡോക്ടര്‍മാരുടെ കാപട്യം തുറന്നുകാട്ടുന്ന ഡോ. ജോജോ ജോസഫിന്റെ ശക്തമായ ലേഖനം.

കഴിഞ്ഞയാഴ്ച്ച രാത്രി ഒന്നരയോടു കൂടി എനിക്ക് വാര്‍ഡില്‍ നിന്ന് ഒരു ഫോണ്‍കോള്‍ വന്നു. ഒരു രോഗിക്ക് വേദനയാണ് എന്നുപറഞ്ഞാണ് കോള്‍. നാവിലെ കാന്‍സറിന്റെ (Tongue Cancer) സര്‍ജറി കഴിഞ്ഞ് മൂന്നു ദിവസങ്ങളായ ഒരു പേഷ്യന്റിനാണ് വേദന. സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ എന്നെ നേരിട്ടു വിളിക്കാറില്ല. അസ്സിസ്റ്റന്റ്‌സിനെയോ അല്ലെങ്കില്‍ ജൂനിയേഴ്‌സിനെയോ ആണ് വിളിക്കാറ്. ഞാന്‍ കാര്യം അന്വേഷിച്ചു; ഒപ്പം, ജൂനിയര്‍ ഡോക്ടര്‍ വന്നുകണ്ടില്ലേ എന്നും ചോദിച്ചു.

‘കണ്ടു.’ വിളിച്ച സിസ്റ്റര്‍ മറുപടി പറഞ്ഞു. ‘പക്ഷേ, വേദനയ്ക്കു കൊടുക്കുന്ന മരുന്ന് കഴിക്കാന്‍ അവര്‍ സമ്മതിക്കുന്നില്ല. ഇന്ന് പുതിയൊരു ബൈസ്റ്റാന്‍ഡര്‍ ആണ് രോഗിയുടെ കൂടെ. ജൂനിയര്‍ ഡോക്ടര്‍ വന്നു സംസാരിച്ചിട്ട് ശരിയായില്ല. അതുകൊണ്ടു സാറിനെ വിളിച്ചതാണ്.’

ഇതു കേട്ടതേ, ഞാന്‍ എന്റെ ജൂനിയര്‍ ഡോക്ടര്‍ ഹരിയെ വിളിച്ചു. ഹരി കാര്യങ്ങള്‍ വിശദീകരിച്ചു:

‘പുതിയ ബൈസ്റ്റാന്‍ഡര്‍ വന്നിട്ടുണ്ട്. അവര്‍ എല്ലാ മരുന്നുകളും നോക്കിയതിനുശേഷമേ രോഗിക്കു കൊടുക്കാന്‍ സമ്മതിക്കുകയുള്ളൂ. വൈകുന്നേരം പാരസെറ്റമോള്‍ ആണ് സാധാരണ നമ്മള്‍ വേദനയ്ക്ക് കൊടുക്കാറുള്ളത്. അതു കൊടുക്കാന്‍ പറഞ്ഞപ്പോള്‍ അവര്‍ വേണ്ട എന്നുപറഞ്ഞു; രോഗിയും നിരസിച്ചു. വേദന ഇല്ലാത്തതുകൊണ്ടായിരിക്കുമെന്ന് നേഴ്‌സുമാര്‍ വിചാരിച്ചു. അതുകൊണ്ട് മരുന്ന് കൊടുത്തുമില്ല. രാത്രിയില്‍ വീണ്ടും വേദന എന്നുപറഞ്ഞപ്പോള്‍ പാരസെറ്റമോള്‍ 1 ഗ്രാം കൊടുക്കാന്‍ ഞാന്‍ പറഞ്ഞു. പക്ഷേ, രോഗിക്ക് പാരസെറ്റമോള്‍ കൊടുക്കാന്‍ ബൈസ്റ്റാന്‍ഡര്‍ സമ്മതിക്കുന്നില്ല.’

അതാണ് അവര്‍ എന്നെ നേരിട്ടു വിളിക്കാന്‍ കാരണമെന്നു ഞാന്‍ മനസ്സിലാക്കി. രാത്രിയില്‍ വേറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കേണ്ട എന്നുവിചാരിച്ച് വേറെ ഏതെങ്കിലും മരുന്നു കൊടുക്കാന്‍ ഞാന്‍ ഹരിയോടു നിര്‍ദേശിച്ചു. പാരസെറ്റമോളാണ് ഏറ്റവും സേഫ് ആയിട്ടുള്ള വേദനസംഹാരി. മറ്റു പാര്‍ശ്വഫലങ്ങളോ, ഹാങ്ങ് ഓവറോ ഒന്നുമില്ലാതെ സുഖമായി പോകുന്ന ഒരു മരുന്നാണ് പാരസെറ്റമോള്‍ എന്നതാണ് ഇതിന്റെ പ്രത്യേകത. എങ്കിലും ഈയൊരു സാഹചര്യത്തില്‍ മറ്റൊരു മരുന്ന് അവര്‍ക്കു നല്‍കി.

പിറ്റേദിവസം രാവിലെ ഞാന്‍ റൗണ്ട്‌സിനു ചെന്നു. സാധാരണപോലെ വളരെ സ്‌നേഹത്തോടെ രോഗിയുമായി സംസാരിച്ചു തുടങ്ങി. തൊട്ടടുത്ത് ബൈസ്റ്റാന്‍ഡര്‍ നില്‍ക്കുന്നുണ്ട്. അദ്ദേഹം എന്നോട് ഒന്നും സംസാരിക്കുന്നില്ല. ഞാന്‍ രോഗിയോടു പറയുന്നതൊക്കെ ബൈസ്റ്റാന്‍ഡര്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്. ഞാന്‍ തിരിച്ച് പുറത്തിറങ്ങി. തൊട്ടുപിറകേ ‘ഡോക്ടര്‍’ എന്നുവിളിച്ച്, ബെസ്റ്റാന്‍ഡര്‍ എന്റെ അടുത്തു വന്നു.

ഞാന്‍ ചോദിച്ചു: ‘എന്താണ്? പറഞ്ഞ വിവരങ്ങളെക്കുറിച്ചു കൂടുതല്‍ ചോദിക്കാനാണോ?’

ഉടനെ വളരെ ഗൗരവത്തില്‍ അദ്ദേഹം പറഞ്ഞു: ‘അല്ല.’

‘പിന്നെ എന്താണ്?’ സൗമ്യതയോടെ തന്നെ ഞാന്‍ ചോദിച്ചു.

‘ഡോക്ടര്‍ക്ക് അറിയാമല്ലോ എന്റെ അമ്മാവന്‍ കാന്‍സര്‍ സര്‍ജറി കഴിഞ്ഞുകിടക്കുന്ന ആളാണ്. പിന്നെയെന്തിനാണ് ഡോക്ടര്‍ കാന്‍സറുണ്ടാകുന്ന മരുന്നുതന്നെ വീണ്ടും പുള്ളിക്കു കൊടുക്കുന്നത്?’

വളരെ ഗൗരവത്തിലാണ് അദ്ദേഹം.

‘എന്താ ചേട്ടാ, അങ്ങനെ ചോദിക്കാന്‍ കാര്യം’? ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. പറഞ്ഞുതീരുന്നതിനു മുമ്പേ അദ്ദേഹം കൈയില്‍ പിടിച്ചിരുന്ന മൊബൈല്‍ ഉയര്‍ത്തിക്കാണിച്ചു.

ഞാന്‍ ചോദിച്ചു: ‘എന്താ ഈ മൊബൈലില്‍?’

‘ഡോക്ടര്‍ ഒന്ന് കണ്ടുനോക്കൂ.’ അദ്ദേഹത്തിന്റെ മറുപടി.

ഞാന്‍ ആ വീഡിയോ നോക്കി. ജേക്കബ് വടക്കാഞ്ചേരി എന്ന ഒരാള്‍ നടത്തുന്ന പ്രഭാഷണമാണ് അതില്‍. അദ്ദേഹം പറയുന്നത് ചുരുക്കിപ്പറഞ്ഞാല്‍ ഇങ്ങനെയാണ്: ‘മലയാളിക്ക് ഏറ്റവും ഇഷ്ടമുള്ള മോളാണ് പാരസെറ്റമോള്‍. നിങ്ങള്‍ പാരസെറ്റമോള്‍ ലിങ്ക്ഡ് വിത്ത് കാന്‍സര്‍ എന്ന് ഗൂഗിള്‍ ചെയ്താല്‍, പാരസെറ്റമോള്‍ ഉപയോഗിച്ചാല്‍ ബ്ലഡ് കാന്‍സര്‍, ലിംഫ് കാന്‍സര്‍ എന്നിവ വരുമെന്നുള്ള പഠനങ്ങള്‍ കാണാന്‍ സാധിക്കും. അതിനാല്‍ നിങ്ങള്‍ പാരസെറ്റമോള്‍ കഴിക്കരുത്.’ ഇതാണ് വീഡിയോ പ്രഭാഷണത്തിന്റെ ഉള്ളടക്കം. പിന്നെ മോഡേണ്‍ മെഡിസിന്‍ പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടര്‍മാരെ കുറ്റം പറഞ്ഞിട്ട് വീഡിയോ അവസാനിക്കുന്നു.

ഇത് കേട്ടുകഴിഞ്ഞപ്പോള്‍ നിങ്ങള്‍ക്കും ഒരു സംശയം തോന്നിയേക്കാം, ആ ബെസ്റ്റാന്‍ഡര്‍ പറയുന്നത് ശരിയല്ലേ എന്ന്. ശരിയല്ല എന്നാണ് കൃത്യമായ ഉത്തരം. മേല്‍പ്പറഞ്ഞ വ്യക്തിയോ അദ്ദേഹത്തെപ്പോലുള്ളവരോ, വീഡിയോയിലൂടെയോ ലേഖനങ്ങളിലൂടെയോ പുറത്തുവിടുന്ന ഇത്തരം വിവരങ്ങള്‍ തെറ്റും തെറ്റിധരിപ്പിക്കുന്നതുമാണ്. അത്തരം അബദ്ധ പഠനങ്ങളില്‍ ആളുകള്‍ ഒരിക്കലും വീഴാന്‍ പാടില്ല.

പാരസെറ്റമോള്‍ സേഫ് ആണ്; പ്രശ്‌നം വീഡിയോ ചെയ്ത വ്യക്തിക്കാണ്

വിഷയത്തിലേക്കു പോകുന്നതിനുമുമ്പ് ഒരു കാര്യം വ്യക്തമാക്കാം. പാരസെറ്റമോള്‍ എന്നുപറയുന്നത് വളരെയധികം സേഫ് ആയിട്ടുള്ള, ഒരിക്കലും കാന്‍സര്‍ ഉണ്ടാക്കാന്‍ സാധ്യതയില്ലാത്ത ഒരു മരുന്നാണ്. മരുന്ന് എന്ന രീതിയില്‍ ഉപയോഗിച്ചാല്‍ യാതൊരുവിധ സീരിയസ് പാര്‍ശ്വഫലങ്ങളുമില്ലാത്ത ഒരു മരുന്നാണ് പാരസെറ്റമോള്‍. ഇവിടെ പ്രശ്‌നം പറ്റിയിരിക്കുന്നത് മേല്‍പ്പറഞ്ഞ വീഡിയോ ചെയ്ത ആളെപ്പോലെയുള്ളവര്‍ ഗൂഗിള്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചില അബദ്ധങ്ങളാണ്. നമുക്ക് വളരെയധികം ഇന്‍ഫൊര്‍മേഷന്‍ തരുന്ന ഒരു ഇടമാണ് ഗൂഗിള്‍. പക്ഷേ, ശാസ്ത്രീയമായി ഇത് മനസ്സിലാക്കാനും അപഗ്രഥിക്കാനും കഴിവില്ലാത്ത ഇതുപോലെയുള്ള നാച്ചുറോപ്പതിക്കാരന്‍ സ്വന്തം വിവരം വച്ച് വിശകലനം ചെയ്ത് അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രശ്‌നം മാത്രമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.

ഗൂഗിള്‍ ചെയ്താല്‍ ലഭിക്കുന്നത്

മേല്‍പറഞ്ഞ വീഡിയോയില്‍ പറയുന്നതുപോലെ സ്‌ക്രോള്‍ ചെയ്തു നോക്കുക. അവിടെ ‘പാരസെറ്റമോള്‍ ലിങ്ക്ഡ് വിത്ത് കാന്‍സര്‍’ എന്ന് കൊടുത്തുകഴിഞ്ഞാല്‍ കുറേ കാര്യങ്ങള്‍ സ്‌ക്രീനില്‍ വരും. പാരസെറ്റമോള്‍ ഉപയോഗിച്ചവരില്‍ കാന്‍സര്‍ കൂടുതലാണ് എന്നുപറയുന്ന ചില പഠനങ്ങളും കാണാം. അവിടെ നിര്‍ത്തരുത്. വീണ്ടും താഴേക്കു സ്‌ക്രോള്‍ ചെയ്യുക. അവിടെ വരുമ്പോള്‍ നിങ്ങള്‍ക്ക് ഒരു ഏരിയ കാണാന്‍ പറ്റും. അവിടെ ‘Confounding Factors’ എന്ന് എഴുതിയിട്ടുണ്ടാവും. ‘Confounding Factors’ എന്നുവച്ചാല്‍ ‘ആശയക്കുഴപ്പമുണ്ടാക്കുന്ന ഘടകങ്ങള്‍’ എന്നു മലയാളത്തില്‍ അര്‍ഥം. ഈ ഭാഗം വായിക്കുമ്പോള്‍ മനസ്സിലാകുന്ന കാര്യം, കാന്‍സര്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ ഈ രോഗത്തിന്റെ ലക്ഷണങ്ങളായ പനി, വേദന തുടങ്ങിയ ലക്ഷണങ്ങള്‍ക്കുവേണ്ടി ഈ രോഗികളെല്ലാം പാരസെറ്റമോള്‍ ഉപയോഗിച്ചിട്ടുണ്ട് എന്നതാണ്. അങ്ങനെ വരുമ്പോള്‍ ഈ പഠനത്തില്‍, കാന്‍സര്‍ ഉള്ളവരെല്ലാം ധാരാളം പാരസെറ്റമോള്‍ ഉപയോഗിച്ചതായി ആ പഠനത്തില്‍ വരികയും ചെയ്തു. ആ റിസല്‍ട്ടിനെ കൃത്യമായി അപഗ്രഥിക്കാതെ, വ്യഖ്യാനം നല്‍കിയതാണ് പ്രശ്‌നം.

ആശയക്കുഴപ്പമുണ്ടാക്കുന്ന ഘടകങ്ങള്‍/ Confounding Factors

വിവിധ പഠനങ്ങള്‍ അപഗ്രഥിക്കുമ്പോള്‍, ഈ ‘Confounding Factors’ എന്താണെന്നു മനസ്സിലാക്കിവേണം ഒരു നിഗമനത്തിലെത്താന്‍. ഇങ്ങനെയുള്ള അപഗ്രഥനം ഈ സൂഡോ സയന്‍സുകാര്‍ ചെയ്യുന്നില്ല എന്നതാണ് പ്രശ്‌നം. നമ്മള്‍ ഒരു പഠനം നടത്തുമ്പോള്‍ ഇന്‍ഡിപെന്‍ഡന്റ് ആയിട്ടുള്ള ഒരു വേരിയബിള്‍ കടന്നുവരുന്നു. ആ വേരിയബിള്‍ പഠനത്തിന്റെ റിസള്‍ട്ടിനെ ബാധിക്കുന്നു. ശരിക്കും ആ ഫാക്ടര്‍ ഉണ്ടാവാന്‍ പാടില്ല. ആ ഫാക്ടറിനെ മാറ്റിയാലേ നമുക്ക് പഠനത്തിന്റെ യഥാര്‍ഥ റിസള്‍ട്ട് കിട്ടുകയുള്ളൂ. അങ്ങനെയുള്ള ഫാക്ടറിനെയാണ് ‘Confounding Factors’ എന്നുപറയുന്നത് .

നമുക്കറിയാം, സ്ത്രീകളിലാണ് ഏറ്റവും കൂടുതല്‍ സ്തനാര്‍ബുദം (Breast Cancer) കണ്ടുവരുന്നതെന്ന്. പുരുഷമാരില്‍ താരതമ്യേന ഇത് കുറവാണ്. ഇനി നമ്മള്‍ ഒരു പഠനം നടത്തുന്നു. ബ്രാ ഉപയോഗിക്കുന്നവരില്‍ സ്തനാര്‍ബുദം കൂടുതലാണോ? നമുക്കറിയാം, പുരുഷന്മാര്‍ ആരും ബ്രാ ഉപയോഗിക്കുന്നില്ല. അപ്പോള്‍ മുഴുവന്‍ വിവരങ്ങള്‍ എടുത്തുകഴിയുമ്പോള്‍ വേണമെങ്കില്‍ പഠനത്തിന്റെ റിസള്‍ട്ട് എന്ന് പറയുന്നത്, ബ്രാ ഉപയോഗിക്കുന്നവരില്‍ സ്തനാര്‍ബുദം കൂടുതലാണ് എന്നു വ്യാഖ്യാനിക്കാം. ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ പഠനം നടത്തി റിസള്‍ട്ട് വന്നു എന്നുപറഞ്ഞാല്‍ അത് സത്യമാകണമെന്ന് നിര്‍ബന്ധമില്ല എന്ന്. ഇങ്ങനെ ഉണ്ടാകുന്ന ആ ഫാക്ടറിനെ ആണ് നമ്മള്‍ ‘ഇീിളീൗിറശിഴ എമരീേൃ’െ എന്നുപറയുന്നത്.

ജേക്കബ് വടക്കാഞ്ചേരി പോലെയുള്ള ആള്‍ക്കാര്‍ക്കു സംഭവിച്ചിരിക്കുന്നതും ഇതാണ്. ഗൂഗിളില്‍ വരുന്ന പഠനത്തിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കാതെ, അത് എങ്ങനെയാണ് വിശകലനം ചെയ്യേണ്ടതെന്നു മനസ്സിലാക്കാതെ, സ്വന്തം ആശയങ്ങളുമായി സാധാരണക്കാരെ തെറ്റിധരിപ്പിക്കുകയാണ് ഇവര്‍. മോഡേണ്‍ മെഡിസിനെ ഇപ്പോള്‍ ഇല്ലാതാക്കിക്കളയുമെന്ന രീതിയിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും.

മോഡേണ്‍ മെഡിസിന്റെ പ്രത്യേകത

ഒരു കാര്യം കൂടി അടിവരയിട്ടു പറയേണ്ടതുണ്ട്. അതായത്, മോഡേണ്‍ മെഡിസിന്‍ എന്നും ഓപ്പണ്‍ ആണ്. എന്തെന്നാല്‍ ഒരു മരുന്ന് ഇറങ്ങിക്കഴിഞ്ഞാല്‍ അതുകൊണ്ടു നിര്‍ത്തുന്നതല്ല മോഡേണ്‍ മെഡിസിന്റെ, ആ മരുന്നിനെക്കുറിച്ചുള്ള പഠനം. ആ മരുന്നിനെക്കുറിച്ച് നിരന്തരമായി പഠനങ്ങള്‍ നടന്നുകൊണ്ടേയിരിക്കും. കാരണം, എന്തെങ്കിലും പുതിയ പാര്‍ശ്വഫലങ്ങള്‍, അല്ലെങ്കില്‍ അവര്‍ ഉദ്ദേശിക്കാത്ത ഇഫക്ട്‌സ് ഉണ്ടോ എന്ന് കണ്ടുപിടിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. എന്തെങ്കിലും കാരണത്താല്‍ അങ്ങനെയുണ്ടായാല്‍ ആ മരുന്ന് തിരിച്ചുവിളിക്കും. അത് ലോകത്തിനു മുന്‍പില്‍ വിളിച്ചുപറയുകയും ചെയ്യും. അതാണ് മോഡേണ്‍ മെഡിസിന്റെ തുറവി അഥവാ ഓപ്പണ്‍നസ്.

എന്നാല്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്ന നാച്ചുറോപ്പതികാര്‍ക്ക് ഇത് മനസ്സിലാകില്ല. കാരണം, അവര്‍, 3000, 5000 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇങ്ങനെ ചെയ്തിരുന്നു; അതുതന്നെയാണ് ഇപ്പോഴും ശരി എന്നു വിശ്വസിക്കുന്നവരാണ്. എന്നുമാത്രമല്ല, അതിനെക്കുറിച്ച് യാതൊരു പഠനവും നടത്താതെ അത് മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യും. അതുകൊണ്ടാണ് ഇതൊന്നും മനസ്സിലാക്കാന്‍ ഈ സൂഡോ സയന്‍സുകാര്‍ക്കു സാധിക്കാത്തത്.

ഇത്തരം പഠനങ്ങള്‍ എങ്ങനെ ഗൂഗിളില്‍ വരുന്നു?

എന്തിനാണ് ഇങ്ങനെയുള്ള പഠനങ്ങളൊക്കെ അനുവദിക്കുന്നത് അല്ലെങ്കില്‍ ഗൂഗിളില്‍ വരുന്നത്? അത് നമുക്ക് ഒരിക്കലും തടഞ്ഞുനിര്‍ത്താന്‍ പറ്റില്ല. കാരണം, അത് ഓരോരുത്തരുടെയും താല്പര്യമാണ്. നമ്മള്‍ ഗൂഗിള്‍ ചെയ്തുനോക്കിയാല്‍ രസകരമായ പല പഠനങ്ങളും കാണാന്‍ സാധിക്കും. ഉദാഹരണത്തിന്, ‘5 Bad Scientific Studies’ അല്ലെങ്കില്‍ ‘Confounding Factors’ തുടങ്ങിയ വിഷയങ്ങള്‍ ഗൂഗിള്‍ ചെയ്തുനോക്കുക. ഇതുപോലെ രസകരമായ പല പഠനങ്ങളും നമുക്കതില്‍ കാണാം.

ഏറ്റവും തമാശ നിറഞ്ഞ ഒരു കാര്യമാണ് ഐസ്‌ക്രീം കഴിക്കുന്നവര്‍ക്ക് സണ്‍ബേണ്‍ കൂടുതലാണ് എന്ന പഠനം. സമ്മറിലാണ് പുറത്തൊക്കെ ആള്‍ക്കാര്‍ കൂടുതല്‍ ഐസ്‌ക്രീം കഴിക്കുന്നതും സണ്‍ബാത്തിങ്ങിനു പോകുന്നതും. അതിലെ ‘Confounding Factor’ ആയ സമ്മര്‍ടൈം എന്നുള്ളത് ഉള്‍പ്പെടുത്താതെയുള്ള അവലോകനമാണ് ഇത്തരം തമാശകള്‍ നിറഞ്ഞ ഉത്തരങ്ങള്‍ ഉണ്ടാകാന്‍ കാരണം. അതുകൊണ്ടു മനസ്സിലാക്കുക – ഗൂഗിള്‍ എന്നുപറയുന്നത് ഇന്‍ഫര്‍മേഷന്‍ കിട്ടുന്ന സ്ഥലമാണ്. പക്ഷേ, ഇന്‍ഫര്‍മേഷന്‍ കൃത്യമായി വിശകലനം ചെയ്താല്‍ മാത്രമേ ശരിയായ ഉത്തരം ലഭിക്കൂ.

കാര്‍സിനോജന്‍സിറ്റി

ഇനി കുറച്ച് ശാസ്ത്രീയസത്യങ്ങള്‍ അഥവാ ഫാക്ടസ് കൂടെ പറയാം. ഒരു കെമിക്കല്‍ അല്ലെങ്കില്‍ ഒരു പദാര്‍ഥം കാന്‍സര്‍ ഉണ്ടാക്കാനുള്ള സാധ്യതയെയാണ് കാര്‍സിനോജന്‍സിറ്റി എന്നുപറയുന്നത്. അത് നിശ്ചയിക്കുകയും അതിനെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഏജന്‍സിയാണ് ‘ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍’ (IARC). അവര്‍ വളരെ കൃത്യമായി പറയുന്നുണ്ട്, പാരസെറ്റമോള്‍ ഒരു കാര്‍സിനോജന്‍ അല്ല. അത് ഒരു രീതിയിലും കാന്‍സര്‍ ഉണ്ടാക്കുന്നില്ല എന്ന്. രണ്ടാമത്തെ ഏജന്‍സിയാണ് ‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍’ (USFDA). ഇതാണ് നമ്മുടെ ലോകത്തുള്ള എല്ലാവരും ഫോളോ ചെയ്യുന്ന ഒരു ഡ്രഗ്‌സ് ഏജന്‍സി. അവരും വ്യക്തമായി പറയുന്നുണ്ട് പാരസെറ്റമോള്‍ കാന്‍സര്‍ ഉണ്ടാക്കുന്ന വസ്തുവല്ല എന്ന്.

ഇനി നമുക്ക് ഇന്ത്യയിലേക്കു വരാം. ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ (Drug Controller of India) ഊന്നിപ്പറയുന്നുണ്ട്, പാരസെറ്റമോള്‍ ഒരു കാര്‍സിനോജന്‍ അല്ല എന്ന്. ഇനി ഒരു കാര്യം കൂടി പറയാം. ഏതൊരു കെമിക്കലും, അതിന്റെ അളവ് നമ്മുടെ ശരീരത്തില്‍ എത്രമാത്രം കേറുന്നു എന്നതിനനുസരിച്ചാണ് ടോക്‌സിസിറ്റി വരുന്നത് അല്ലെങ്കില്‍ വിഷമായി മാറുന്നത്. നമുക്കറിയാം, നമ്മുടെ ചുറ്റുമുള്ള നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്ന ഓക്‌സിജന്‍, നിശ്ചിത അളവില്‍ കൂടുതല്‍ ശ്വസിച്ചാല്‍ അത് വിഷമായി മാറും. അതുപോലെ നമ്മള്‍ കുടിക്കുന്ന വെള്ളം പരിധിവിട്ട് കുടിച്ചാലും നമ്മള്‍ മരിച്ചുപോകും. അപ്പോള്‍ ഇതിന്റെയൊക്കെ അളവാണ് ഒരു വസ്തു വിഷമാണോ, കാര്‍സിനോജനിക് ആണോ എന്നു തീരുമാനിക്കുന്നത്. അതുകൊണ്ട് പാരസെറ്റമോള്‍ എന്ന രാസവസ്തു അതായത് ‘acetaminophen’ വേദനയ്ക്കും പനിക്കും ഉപയോഗിക്കുന്ന അളവില്‍ ഉപയോഗിച്ചാല്‍ അത് ഒരുരീതിയിലും നമുക്ക് അപകടമുണ്ടാക്കുന്നില്ല എന്നുള്ളത് എല്ലാവരും മനസ്സിലാക്കുക. കാരണം, ഏതൊരു രാസവസ്തുവും എത്ര അളവില്‍ ശരീരത്തിലേക്കു പോകുന്നു എന്നതിനനുസരിച്ചാണ് നമ്മുടെ ശരീരത്തില്‍ എന്തെങ്കിലും ബാഡ് ഇഫക്ട് ഉണ്ടാക്കാന്‍ പറ്റുമോ എന്ന് നിശ്ചയിക്കപ്പെടുന്നത്.

പാരസൈറ്റാമോള്‍ വിഷയം ഗൂഗിളില്‍ വരുന്നത് എങ്ങനെ?

ഇനി ഈ പഠനങ്ങളും കാര്യങ്ങളും എങ്ങനെയാണ് വരുന്നത് എന്നു നോക്കാം. അമേരിക്കയിലെ USFDA (യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍) യുടെ കാര്യം പറഞ്ഞാല്‍ പെട്ടെന്നു മനസ്സിലാകും. അമേരിക്കയിലെ കാലിഫോര്‍ണിയ സ്റ്റേറ്റില്‍ കുറെ ആളുകള്‍ ‘അസെറ്റാമിനോഫിന്‍’ (Acetaminophen പാരസൈറ്റാമോളിന്റെ കെമിക്കല്‍ നാമം) എന്ന മരുന്നിനോടു സാമ്യമുള്ള ‘ഫെനാസെറ്റിന്‍’ (Phenacetin) എന്ന മരുന്ന് പണ്ട് വേദനയും പനിയും മാറാന്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. അത് ദോഷകരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതാണ് എന്ന് കണ്ടുപിടിച്ച് അത് നിരോധിച്ചു. ഈ ‘അസെറ്റാമിനോഫിനും’ ‘ഫെനാസെറ്റിനും’ കെമിക്കലി അടുത്തടുത്തുള്ള രണ്ടു മോളിക്യൂളുകളാണ്. അതിനാല്‍ അതും പ്രശ്‌നമാണ് എന്നുപറഞ്ഞ് ഒരു ഗ്രൂപ്പ് ‘അസെറ്റാമിനോഫിനും’ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. കോവിഡ് കാലത്തിനു മുന്‍പ് അതിനെതിരെ അവരുടെ ഡ്രഗ് കണ്‍ട്രോളര്‍ വിശദമായ പഠനത്തിന് ആഹ്വാനം ചെയ്യുകയുണ്ടായി. എന്നാല്‍ ‘അസെറ്റാമിനോഫിന്‍’ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്ന മരുന്നല്ല എന്ന് അമേരിക്കയിലെ USFDA പറഞ്ഞപ്പോഴാണ് പ്രശ്‌നങ്ങള്‍ അടങ്ങിയത്. ഈയൊരു സംഭവത്തിനു ശേഷമാണ് ഇതുപോലുള്ള പഠനങ്ങളും വിഷയങ്ങളുമൊക്കെ ഗൂഗിളില്‍ ധാരാളമായി ലഭ്യമാകാന്‍ തുടങ്ങിയത്.

വിഷയം തീരുന്നതിനുമുന്‍പ് നമ്മള്‍ ആദ്യം പറഞ്ഞ ഗൂഗിള്‍ വിദഗ്ധന്റെ പേര് ഒന്ന് ഗൂഗിള്‍ ചെയ്തുനോക്കുക. നമുക്ക് ഗൂഗിള്‍ തരുന്ന റിസള്‍ട്ട് ഇങ്ങനെയാണ്. ഒന്ന്, കേരളത്തില്‍ സൂഡോ സയന്‍സ് അതായത് അബദ്ധസയന്‍സ് പ്രചരിപ്പിക്കുന്നതില്‍ പ്രമുഖന്‍. രണ്ടാമത്തേത്, നാച്ചുറോപ്പതി ഉപയോഗിച്ച് ഒരാളുടെ ഭാവി ഇല്ലാതാക്കിയതിന് കോടതി നാലു ലക്ഷം രൂപ പിഴ വിധിച്ച വ്യക്തി. മൂന്നാമത്, എലിപ്പനിയെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ തെറ്റായ പ്രചരണം മൂലം പൊലീസ് അറസ്റ്റ് ചെയ്ത് അകത്തിട്ട കഥ. ഇനി നിങ്ങള്‍ തീരുമാനിക്കുക ആരു പറയുന്നത് വിശ്വസിക്കണം?

ഡോ. ജോജോ ജോസഫ്

 

Latest News