പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിൽ ആർക്കും മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലാത്തതിനാൽ ഫലമറിഞ്ഞില്ല. മാർപാപ്പയെ തിരഞ്ഞെടുത്തില്ലെന്നു സൂചിപ്പിക്കുന്ന കറുത്ത പുക പ്രാദേശിക സമയം ഒൻപതു മണിയോടെ സിസ്റ്റയിൻ ചാപ്പലിനു മുകളിൽ ഘടിപ്പിച്ചിരിക്കുന്ന പുകക്കുഴലിൽ നിന്നും ഉയർന്നു.
പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തു എന്നതിന്റെ സൂചന നൽകുന്നത് വെളുത്ത പുകയാണ്. പുതിയ പാപ്പയെ പ്രതീക്ഷിച്ച് രാത്രി വൈകിയും വിശ്വാസി സമൂഹം സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ കാത്തുനിന്നിരുന്നു. ഇന്നുമുതൽ ദിവസം നാലുതവണ വോട്ടെടുപ്പ് നടക്കും. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ 89 വോട്ടെങ്കിലും ലഭിക്കുന്നയാൾ അടുത്ത മാർപാപ്പയാകും. 71 രാജ്യങ്ങളിൽ നിന്നായി 133 കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്.