വീണ്ടും ബി.ജെ.പി അധികാരത്തിലെത്തിയാല്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏക സിവില്‍കോഡും ‘ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിയും നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മതേതര രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍ നിയമങ്ങളുണ്ടാകരുതെന്ന് അംബേദ്കര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വ്യക്തമാക്കിയതാണെന്നും അദ്ദേഹം വാദിച്ചു.
വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. നമ്മുടെ ഉത്തരവാദിത്തമാണ് ഏക സിവില്‍കോഡ്. ഭരണഘടനാ ശില്‍പികള്‍ സ്വതന്ത്ര്യത്തിനുശേഷം പാര്‍ലമെന്റിന്റെയും നിയമസഭകളുടെയും മേല്‍ ബാക്കിവച്ച ഉത്തരവാദിത്തമാണത്. കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലി ആലോചിച്ചെടുത്ത നമ്മള്‍ക്കു വേണ്ടിയുള്ള മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ ഏക സിവില്‍കോഡുമുണ്ട്. ഒരു മതേതര രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമങ്ങളുണ്ടാകരുതെന്ന് അന്ന് കെ.എം മുന്‍ഷി, രാജേന്ദ്ര ബാബു, അംബേദ്കര്‍ പോലുള്ള നിയമപണ്ഡിതര്‍ പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് ഏക സിവില്‍കോഡ് വരേണ്ടതുണ്ടെന്നും അമിത് ഷാ പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ ഏക സിവില്‍കോഡ് പരീക്ഷണം നടത്തിക്കഴിഞ്ഞെന്നും അദ്ദേഹം സൂചിപ്പിച്ചു. ഏക സിവില്‍കോഡ് വലിയൊരു സാമൂഹിക, നിയമ, മത പരിഷ്‌ക്കരണമാകുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടപ്പാക്കിയ നിയമം സാമൂഹിക, നിയമ പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ മതനേതാക്കളുമായും ചര്‍ച്ച നടത്തണം. ഇക്കാര്യത്തില്‍ വിപുലമായ സംവാദം ആവശ്യമാണെന്ന് ഷാ പറഞ്ഞു.