പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടല്‍തീരത്തെ പ്രത്യേക പ്ലാറ്റ്‌ഫോം വഴി ട്രക്കുകള്‍ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളില്‍ 500 ടണ്‍ അവശ്യസാധനങ്ങള്‍ ഇതുവഴി എത്തിക്കുമെന്ന് അമേരിക്ക വിശദമാക്കി. ഓരോ ദിവസവും 150 ട്രെക്കുകള്‍ ഇതുവരെ എത്തിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. എന്നാല്‍ കടല്‍ തീരത്തെ താല്‍ക്കാലിക പ്ലാറ്റ്‌ഫോം സ്ഥിരമായ ബദല്‍ മാര്‍ഗമാക്കാന്‍ സാധിക്കില്ലെന്ന മുന്നറിയിപ്പ് അമേരിക്ക യുഎന്നിന് നല്‍കിയിട്ടുണ്ട്.
ഭക്ഷണവും വെള്ളവും ഇന്ധനവും അടക്കമുള്ളവ ഗാസയിലേക്ക് എത്തിക്കാന്‍ താല്‍ക്കാലിക പ്ലാറ്റ്‌ഫോം സ്ഥിരമായി ഉപയോഗിക്കാനാവില്ലെന്നാണ് അമേരിക്കയുടെ നിരീക്ഷണം. സഹായവുമായി എത്തുന്ന ട്രെക്കുകള്‍ അടക്കം ഇസ്രയേല്‍ തടയുന്ന സാഹചര്യം മേഖലയിലുണ്ട്. ഒക്ടോബര്‍ ഏഴിന് ശേഷമുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ 35000 ത്തിലധികം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന കണക്കുകള്‍. ഗാസയുടെ തെക്കന്‍ മേഖലയില്‍ ഭക്ഷണം തീര്‍ന്നു പോകുന്ന സാഹചര്യമെന്നാണ് യുഎന്‍ വിശദമാക്കുന്നത്. വടക്കന്‍ മേഖലകളില്‍ നിലവില്‍ തന്നെ ക്ഷാമ സമാനമായ സാഹചര്യമെന്നാണ് യുഎന്‍ വിശദമാക്കിയത്. വ്യാഴാഴ്ചയാണ് അമേരിക്ക ഇവിടെ സഹായമെത്തിക്കാനായി പുതിയ പാത സജ്ജമാക്കിയത്.
വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് ആദ്യ ബാച്ച് സഹായം പുതിയതായി തുറന്ന പാതയിലൂടെ കടന്ന് പോയതായി യുഎസ് സൈനിക നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ തന്നെ ട്രെക്കുകള്‍ക്ക് സൈനിക അകമ്പടി നല്‍കില്ലെന്ന് അമേരിക്ക വിശദമാക്കിയിരുന്നു. യുഎന്നിന് വേണ്ടിയാണ് അമേരിക്ക ഇവിടെ പുതിയ പാത തുറന്ന് നല്‍കിയിട്ടുള്ളത്.