മഹാമാരികള്‍ക്കെതിരെ തയ്യാറെടുപ്പ് എടുക്കാന്‍ കരാര്‍ ഉണ്ടാക്കുന്നതില്‍ രാജ്യങ്ങള്‍ പരാജയപ്പെടുന്നുവെന്നും ഇക്കാര്യത്തില്‍ ഭാവി തലമുറ നമ്മോട് ക്ഷമിക്കില്ലെന്നും ഡബ്ലൂ എച്ച് ഒ മേധാവി. കോവിഡ് 19 ല്‍ ഭീതിയിലായ ലോകാരോഗ്യ സംഘടനയിലെ അംഗങ്ങളായ 194 രാജ്യങ്ങള്‍ അടുത്ത മഹാമാരിയെ നേരിടുന്നതില്‍ സജ്ജമാവാന്‍ ഒരു അന്താരാഷ്ട്ര കരാര്‍ നടപ്പിലാക്കാന്‍ ആലോചിച്ചിരുന്നു. ലോകാരോഗ്യ അസംബ്ലിയുടെ 2024 ലെ വാര്‍ഷിക യോഗത്തില്‍ കരാര്‍ ഒപ്പിടാനായിരുന്നു പദ്ധതി. മെയ് 27 നാണ് ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക യോഗം ചേരുന്നത്.
എന്നാല്‍ സമയം അതിക്രമിച്ചെന്നും പദ്ധതികള്‍ എങ്ങുമെത്തില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നല്‍കി. ജനീവയില്‍ വെച്ച് നടന്ന ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് മീറ്റിങ്ങില്‍ വരാന്‍ പോകുന്ന മഹാമാരികള്‍ നേരിടുന്നതില്‍ സജ്ജമാവാനുള്ള കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താനും അന്താരാഷ്ട്ര ആരോഗ്യ നിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്താനും രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധരാവണമെന്ന് ടെഡ്രോസ് ഓര്‍മപ്പെടുത്തി.
കരാറില്‍ ഒപ്പ് വെക്കാന്‍ പരാജയപ്പെടുന്നത് ഭാവി തലമുറ നമ്മളോട് ക്ഷമിക്കാത്ത കാര്യമാകുമെന്നും ടെഡ്രോസ് പറഞ്ഞു. നമ്മുടെ മക്കളെയും കൊച്ചുമക്കളെയും വരാന്‍ പോകുന്ന മഹാമാരികളില്‍ നിന്ന് സംരക്ഷിക്കാന്‍ കരാര്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ടെഡ്രോസ് രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു.