കേരളത്തിലെ മലയോര ജനത അവിശ്വസനീയമായ, അസാധാരണമായ ഭയത്തില്‍ മുങ്ങുകയാണ്. കേരളത്തിന്റെ വനാതിര്‍ത്തികളും മലയോരങ്ങളും അരക്ഷിതാവസ്ഥയില്‍ ആയിരിക്കുന്നു. മലയോര മേഖലയില്‍ ദിനംപ്രതി വന്യമൃഗ ആക്രമണങ്ങളില്‍ മനുഷ്യജീവന് നഷ്ടപെടുന്നത് ഖേദകരമാണ്. എന്തുകൊണ്ടാണ് അക്രമം കൂടുന്നത് എന്നതില്‍ ശാസ്ത്രീയമായി ഒരു നിഗമനം ഉണ്ടായിട്ടില്ല. മനുഷ്യനെ വന്യമൃഗങ്ങളുടെ ദയാവധത്തിന് സര്‍ക്കാര്‍ വിട്ടു കൊടുത്തിരിക്കുകയാണോ?
വന്യജീവി ആക്രമണത്തില്‍ കേരള സര്‍ക്കാരിന് ഒരു നിലപാടുണ്ടോ? വന്യജീവികള്‍ ജനവാസ മേഖലകളില്‍ ഇറങ്ങുന്നത് സ്ഥിരസംഭവമായി മാറിയിട്ടും ഇതിനെ തടയാന്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന ബദലുകള്‍ പ്രയോഗികമാവുന്നില്ല എന്നതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്. അടുത്തടുത്ത ദിവസങ്ങളില്‍ ഉണ്ടായ മരണങ്ങള്‍ക്ക് കാരണം വനംവകുപ്പ് ആവശ്യമായ മുന്‍കരുതല്‍ എടുക്കാത്തിനാലാണ്. വന്യജീവികള്‍ നാട്ടിലേക്ക് വരുന്നത് തടയാനുള്ള സംവിധാനങ്ങള്‍ കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത.
വന്യജീവി ആക്രമണത്തെ തുടര്‍ന്ന് മരണവും കൃഷിനാശവും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട് എന്നത് രാജ്യത്തൊട്ടാകെയുള്ള മനുഷ്യ വന്യജീവി സംരക്ഷണ സംവിധാനങ്ങളും നിയമങ്ങളും സംബന്ധിച്ച് സമയം പാഴക്കാതെ തന്നെ പുനര്‍ വിചിന്തനം നടത്തേണ്ടതിന്റെ ആവശ്യകതയിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്. കേരളത്തിലെ ഇരുനൂറോളം പഞ്ചായത്തുകളിലായി മുപ്പത് ലക്ഷത്തിലധികം ജനങ്ങളാണ് ഇന്ന് വന്യമൃഗ ആക്രമണ ഭീതിയില്‍ കഴിയുന്നത്.
വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ വകയിരുത്തുണ്ട്. എന്നിട്ടും ജനവാസ മേഖലയിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്നുവരവിനെ തടയാന്‍ ഇതുവരെ വനംവകുപ്പിന് സാധിച്ചിട്ടില്ല. വന്‍തോതിലുള്ള ആളപായമടക്കം ഇത്രയധികം നാശനഷ്ടങ്ങള്‍ മലയോരങ്ങളില്‍ സംഭവിച്ചിട്ടും കാര്യമായ ആക്ഷന്‍ പ്ലാനിലേക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇനിയും കടന്നിട്ടില്ല.
ഈ മനുഷ്യരുടെ ജീവിതത്തെക്കൂടി പരിഗണിച്ചുകൊണ്ടുള്ള നിയമപരിഷ്കാരങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. വനമേഖലയോട് ചേര്‍ന്ന് വസിക്കുന്നവരുടെ ജീവന്, അവരുടെ സ്വത്ത്, ജീവനോപാധി എന്നിവയുടെ നിലനില്പ് കൂടി പരിഗണിച്ചുകൊണ്ട് 1927 ലെ ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട്, 1972 ലെ വന്യജീവി സംരക്ഷണ നിയമം, 1980 ലെ വനസംരക്ഷണ നിയമം, 2006 ലെ വനാവകാശ നിയമം എന്നിവയെല്ലാം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി പരിഷ്കരണങ്ങള്‍ക്ക് വിധേയമാക്കണമെന്ന് സീറോ മലബാര്‍സഭ അല്മായ ഫോറം ആവശ്യപ്പെടുന്നു.
ടോണി ചിറ്റിലപ്പിള്ളി, അല്മായ ഫോറം സെക്രട്ടറി