അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്ക് ക്രൗഡ് ഫണ്ടിംഗ് ലക്ഷ്യമിട്ട് സര്‍ക്കാര്‍. ധനസമാഹരണത്തിനായി പരിപാടികള്‍ സംഘടിപ്പിച്ചും പുതിയ ലോട്ടറി ആവിഷ്‌കരിച്ചും പദ്ധതി നടപ്പാക്കാനാണ് നീക്കം. അപൂര്‍വരോഗ പരിചരണത്തിനായി കെയര്‍ എന്ന പേരില്‍ സമഗ്ര പദ്ധതി സര്‍ക്കാര്‍ തുടങ്ങുകയാണ്. നിലവിലെ ചികിത്സാ പദ്ധതികള്‍ പോലും കോടികളുടെ കുടിശികയില്‍ മുങ്ങി നില്‍ക്കുമ്പോള്‍ പുതിയ പദ്ധതികള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ആലോചനയിലാണ് ക്രൗഡ് ഫണ്ടിംഗ് എന്ന ചിന്തയിലേക്ക് എത്തുന്നത്.
ഒരുപാട് പേരുടെ സംഭാവനകള്‍ ചികിത്സാരംഗത്ത് വലിയതോതിലുള്ള മാറ്റം ഉണ്ടാക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള സെന്റര്‍ ഓഫ് എക്സലന്‍സ് ആയി തിരഞ്ഞെടുത്തിരിക്കുന്നത് തിരുവനന്തപുരം എസ് എ ടി ആശുപത്രിയാണ്. അപൂര്‍വ രോഗങ്ങള്‍ പ്രതിരോധിക്കാനും നേരത്തെ കണ്ടെത്താനും ഇനി രോഗം പിടിപെട്ടാല്‍ ചികിത്സകള്‍ ലഭ്യമായ സാഹചര്യത്തില്‍ തുടക്കത്തില്‍ തന്നെ നല്‍കാനും തെറാപ്പികള്‍ക്കും സൗകര്യമൊരുക്കാനും ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.
സ്പൈനല്‍ മസ്‌കുലര്‍ ഡിസ്ട്രോഫി, സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി പോലുള്ള രോഗങ്ങള്‍ക്കും ജീന്‍ തെറാപ്പിയടക്കമുള്ള ചികിത്സകള്‍ക്കും വേണ്ടിവരുന്ന തുക വളരെ വലുതാണ്. നിലവില്‍ ഒരാളുടെ ചികിത്സയ്ക്ക് 50 ലക്ഷം രൂപ വരെ ചെലവാകുന്നുണ്ട്. പ്രായമുള്ളവരുടെ ചികിത്സയ്ക്ക് ഒന്നരക്കോടിക്ക് മുകളിലാകും ചെലവ്. ഇതിന് സര്‍ക്കാരിന്റെ തനത് ഫണ്ട് മാറ്റിവയ്ക്കുക പ്രായോഗികമല്ല. ഇവിടെയാണ് ക്രൗഡ് ഫണ്ടിംഗ് ഫലപ്രദമായി നടപ്പാക്കാന്‍ ശ്രമിക്കുന്നത്.