Saturday, November 23, 2024

ജിപിഎസ് നാവിഗേഷന്‍ തടഞ്ഞു, സൈനികരുടെ അവധി റദ്ദാക്കി; ഇറാന്‍ തിരിച്ചടിക്കുമെന്ന ഭയത്തില്‍ ഇസ്രായേല്‍

രാജ്യാതിര്‍ത്തിക്കുള്ളില്‍ ജിപിഎസ് നാവിഗേഷന്‍ സേവനങ്ങള്‍ നിര്‍ത്തി ഇസ്രായേല്‍. ഇറാന്റെ വ്യോമാക്രമണ ഭീഷണിയെ തുടര്‍ന്നാണ് നടപടി. അവധി റദ്ദാക്കി മുഴുവന്‍ സൈനികരോടും തിരിച്ചെത്താനും നിര്‍ദേശം നല്‍കി. സിറിയയിലെ ഇറാന്‍ എംബസിക്ക് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ രണ്ട് ജനറല്‍മാര്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് ഇറാന്‍ തിരിച്ചടിച്ചാല്‍ നേരിടാനുള്ള സന്നാഹങ്ങള്‍ ഇസ്രയേല്‍ നടത്തുന്നത്.

മിസൈലുകളെയും ഡ്രോണുകളെയും തടസ്സപ്പെടുത്തുന്നതിനായാണ് ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളില്‍ ജിപിഎസ് തടഞ്ഞത്. അവധികള്‍ റദ്ദാക്കി തിരിച്ചെത്താന്‍ സൈനികര്‍ക്ക് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) നിര്‍ദേശം നല്‍കി. റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയാണ് ഇന്ന്. ഏപ്രില്‍ 5ന് ശേഷം ഇറാന്‍ തിരിച്ചടിക്കുമെന്നാണ് ഇസ്രായേല്‍ കണക്കുകൂട്ടുന്നത്. ജറുസലേം ദിനമായാണ് ഈ വെള്ളിയാഴ്ച ഇറാന്‍ ആചരിക്കുന്നത്. പലസ്തീനികള്‍ക്കുള്ള പിന്തുണ എന്ന നിലയിലാണ് ഈ ദിവസം ആചരിക്കുന്നത്.

വ്യാഴാഴ്ച മുതലാണ് ഇസ്രായേലിന്റെ മധ്യഭാഗങ്ങളില്‍ ജിപിഎസ് സംവിധാനങ്ങള്‍ തടസ്സപ്പെട്ടത്. ടെല്‍ അവീവ്, ജറുസലേം തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് ഇസ്രായേലി പൗരന്മാര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ജിപിഎസ് തടയാറുണ്ടെന്ന് സേനാ വക്താവ് റിയര്‍ ആദം ഡാനിയല്‍ സ്ഥിരീകരിച്ചു. അതേസമയം പരിഭ്രാന്തരാവേണ്ടതില്ലെന്ന് സേന ജനങ്ങളെ അറിയിച്ചു. ജനറേറ്ററുകള്‍ വാങ്ങുകയോ ഭക്ഷണം കൂടുതലായി കരുതി വെയ്ക്കുകയോ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുകയോ ചെയ്യേണ്ടതില്ലെന്നാണ് അറിയിപ്പ്. അതേസമയം ചില എംബസികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയതായി ഇസ്രായേലിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ഇസ്രായേല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സിറിയയിലെ ഇറാന്‍ എംബസി ആക്രമിച്ച സംഭവത്തില്‍ മറുപടി നല്‍കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസ്രായേല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയും പ്രതികരിച്ചു. ഡമാസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകളായ (ഐആര്‍ജിസി) ഏഴ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയാണ് 13 പേര്‍ കൊല്ലപ്പെട്ടത്.

Latest News