ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എ എം ആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. രാജ്യത്ത് ആദ്യമായാണ് ജില്ലാതല എ എം ആര്‍ കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കുന്നത്. മുമ്പ് ബ്ലോക്ക്തല എ എം ആര്‍ കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ചെയര്‍മാനായുള്ള എ എം ആര്‍ വര്‍ക്കിംഗ് കമ്മിറ്റിയും ജില്ലാ എ എം ആര്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയും രൂപവത്കരിക്കണം.
ഇരു കമ്മറ്റികളുടെയും ഘടനയും പ്രവര്‍ത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ എം ആര്‍ ലബോട്ടറികളുടെ പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കി. നിര്‍ണയ ലാബ് നെറ്റ്വര്‍ക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കും. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. മലയാളത്തിലുള്ള എ എം ആര്‍ അവബോധ പോസ്റ്ററുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും എ എം ആര്‍ പ്രതിരോധത്തിലും പരിശീലനം നല്‍കണം.
പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം. ആശുപത്രികളില്‍ ഇന്‍ഫെക്്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയും ആന്റിമൈക്രോബിയല്‍ സ്റ്റ്യൂവാര്‍ഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു എച്ച് ഒയുടെ സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂനിറ്റുകളിലും നടപ്പാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം.
ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തണം. വിശദമായ പരിശോധനക്കും വിലയിരുത്തലിനും ശേഷം ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കും.