Saturday, November 23, 2024

9/11 ശൈലിയിലുള്ള ബോംബാക്രമണം ഹമാസ് ഇസ്രായേലിനെതിരെ ആസൂത്രണം ചെയ്തിരുന്നു: റിപ്പോർട്ടുമായി ന്യൂയോർക്ക് ടൈംസ്

2023 ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണം ഇറാന്റെയും ഹിസ്ബുള്ളയുടെയും പിന്തുണയോടെ ആയിരുന്നു എന്ന് റിപ്പോർട്ട്. 2022 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെ നീണ്ടുനിന്ന 10 മീറ്റിങ്ങുകളുടെ വിശദാംശങ്ങൾ ചേർത്ത് ന്യൂയോർക്ക് ടൈംസ് ശനിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. ഹമാസ് ഇസ്രായേലിനെതിരെ ആക്രമണം നടത്താൻ മുൻപേ തീരുമാനിച്ചിരുന്നു എന്നും എന്നാൽ, ഇറാന്റെയും ഹിസ്ബുള്ളയുടെയും പിന്തുണ ലഭിക്കാനായി കാത്തിരുന്നതുകൊണ്ടാണ് 2023 ഒക്ടോബർ വരെ നീണ്ടുപോയതെന്നും റിപ്പോർട്ട് വ്യക്തമാക്കി.

രണ്ടു വർഷത്തിനിടെ ഹമാസിന്റെ സൈനിക, രാഷ്ട്രീയനേതാക്കൾ നടത്തിയ മീറ്റിംഗുകളിൽനിന്നുള്ള മിനിറ്റുകളും അതിൽ അവർ ആക്രമണത്തിന്റെ ഘടന ആസൂത്രണം ചെയ്യുന്നതും കൂടാതെ, ഹമാസ് നേതാവ് യഹ്യ സിൻവാറും ഇറാനിയൻ ഉദ്യോഗസ്ഥരും തമ്മിലുള്ള വിവിധ കത്തിടപാടുകളുമെല്ലാം ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിലുണ്ട്.

ഈ വിവരങ്ങൾ ജനുവരിയിൽ, ഖാൻ യൂനുസിലെ ഹമാസ് നിയന്ത്രണകേന്ദ്രത്തിലെ കമ്പ്യൂട്ടറിൽനിന്നും കണ്ടെത്തിയതായി ടൈംസ് വെളിപ്പെടുത്തുന്നു. രേഖകളുടെ ആധികാരികത പരിശോധിച്ചതായും ഇസ്രായേൽ പ്രതിരോധസേനയുടെ ആഭ്യന്തര റിപ്പോർട്ട് പ്രത്യേകം നേടിയതായും ടൈംസ് വ്യക്തമാക്കി.

ആക്രമണം ആസൂത്രണം ചെയ്യുന്നതിലും ധനസഹായം നൽകുന്നതിലും ഇറാന്റെ പങ്കാളിത്തത്തെ കേന്ദ്രീകരിച്ചുള്ള അധിക മീറ്റിങ്ങുകളുടെയും സന്ദേശങ്ങളുടെയും ഉള്ളടക്കങ്ങൾ ഐ. ഡി. എഫ്. വാഷിംഗ്ടൺ പോസ്റ്റുമായും വാൾസ്ട്രീറ്റ് ജേണലുമായും പങ്കുവച്ചിരുന്നു. ഏതൊക്കെ ഉദ്യോഗസ്ഥർ ഏതൊക്കെ യോഗങ്ങളിൽ പങ്കെടുത്തെന്ന് വ്യക്തമല്ലെങ്കിലും, ഹമാസ് നേതാവ് യഹ്യ സിൻവാർ എല്ലാ മീറ്റിങ്ങിലും ഉണ്ടായിരുന്നതായി ടൈംസ് കണ്ടെത്തി. അതേസമയം, ഇപ്പോൾ മരിച്ച ഉന്നത ഉദ്യോഗസ്ഥരായ മുഹമ്മദ് ഡീഫും മർവാൻ ഇസയും യാഹ്യയുടെ സഹോദരൻ മുഹമ്മദ് സിൻവറും മീറ്റിങ്ങുകളിൽ പങ്കെടുത്തിരുന്നു എന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ഷോപ്പിംഗ് മാളുകളും സൈനിക കമാൻഡ് സെന്ററുകളും ഓഫീസുകൾ, ഒരു വലിയ ഷോപ്പിംഗ് മാൾ, ഒരു ട്രെയിൻ സ്റ്റേഷൻ എന്നിവയുമുള്ള ടെൽ അവീവിലെ അസ്രിയേലി ടവേഴ്സും ഭീകരാക്രമണം നടത്താനുള്ള സ്ഥലമായി ചർച്ചകളിൽ തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ, 2001 സെപ്റ്റംബർ 11 ന് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിനുനേരെയുണ്ടായ ആക്രമണത്തിനു സമാനമായ ഒരു ആക്രമണം നടത്താൻ തീവ്രവാദസംഘം തീരുമാനിച്ചിരുന്നതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

 

Latest News