മൺസൂൺ കാറ്റ് ശക്തമായതിനെത്തുടർന്ന് കേരളത്തിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പെയ്യുന്ന കനത്ത മഴ അടുത്ത രണ്ട് ദിവസം കൂടി തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ അതിശക്തമാകുന്ന സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്തെ മൂന്ന് വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204 മില്ലിമീറ്ററിൽ കൂടുതൽ ലഭിക്കാവുന്ന അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ മൂന്ന് ജില്ലകളിലെയും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള മറ്റ് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

