ചുവന്ന ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് രാജ്യത്ത് നിരോധിച്ചിരിക്കുകയാണ് ഉത്തര കൊറിയന്‍ സര്‍ക്കാര്‍. അതും വളരെ വിചിത്രമായ ഒരു കാരണം കൊണ്ട്.
ചരിത്രപരമായി കമ്മ്യൂണിസവുമായി ബന്ധമുള്ള നിറമാണ് ചുവപ്പ്. എന്നാല്‍ ചുവപ്പ് പ്രതിനിധീകരിക്കുന്നത് കമ്മ്യൂണിസ്റ്റ് ആശയങ്ങളെയല്ലെന്നും അത് മുതലാളിത്തത്തിന്റെ പ്രതീകമാണെന്നും ചൂണ്ടിക്കാട്ടിയാണ് കിം ജോങ് ഉന്‍ സര്‍ക്കാരിന്റെ ലിപ്സ്റ്റിക്ക് നിരോധനം. നേരത്തെ തന്നെ കനത്ത തരത്തില്‍ മേക്കപ്പ് ഉപയോഗിക്കുന്നതിനെ ഉത്തരകൊറിയ നിന്ദിക്കുകയും പാശ്ചാത്യ സ്വാധീനത്തിന്റെ അടയാളമായി കാണുകയും അടയാളപ്പടുത്തുകയും ചെയ്തിട്ടുണ്ട്.
ഒപ്പം ചുവന്ന ലിപ്സ്റ്റിക്ക് ധരിക്കുന്ന സ്ത്രീകള്‍ വളരെ ആകര്‍ഷകമായി കാണപ്പെടുന്നുവെന്നും ഇത് രാജ്യത്തിന്റെ ധാര്‍മിക തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും സര്‍ക്കാര്‍ കരുതുന്നുണ്ട്. യാഥാസ്ഥിതിക പ്രത്യയശാസ്ത്രത്തില്‍ വേരൂന്നിയ സര്‍ക്കാര്‍ ഇതിനാല്‍ ചുവന്ന ലിപ്സ്റ്റിക് നിരോധിക്കുകയും സ്ത്രീകള്‍ ലളിതമായ മേക്കപ്പ് മാത്രമേ ഉപയോഗിക്കാവൂ എന്നും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടൈംസ് നൗവിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, സ്ത്രീകളുടെ മേക്കപ്പ് പരിശോധിക്കാന്‍ ഉത്തര കൊറിയന്‍ സര്‍ക്കാര്‍ നിരവധി ആളുകളെ നിയോഗിച്ചിട്ടുണ്ട്. ഗ്യുചാല്‍ഡേ അല്ലെങ്കില്‍ ഫാഷന്‍ പോലീസ് എന്നാണ് ഇവര്‍ അറിയപ്പെടുക. വ്യക്തിഗത ഫാഷനിലെ നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികളും പ്രയോഗിക്കുന്നുണ്ട്. പതിവ് പരിശോധനകള്‍ ഇതുവഴി ഉണ്ടാകും. നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കഠിനമായ ശിക്ഷകളും പിഴകളും ഉണ്ടാകും.