Saturday, November 23, 2024

മജുഗോറിയയിലെ മരിയൻ തീർഥാടനകേന്ദ്രത്തിന് വത്തിക്കാന്റെ അംഗീകാരം

സുദീർഘമായ പഠനങ്ങൾക്കും അന്വേഷണങ്ങൾക്കുംശേഷം മജുഗോറിയ മരിയൻ ഭക്തികേന്ദ്രവുമായി ബന്ധപ്പെട്ട ആത്മീയനന്മകൾ അംഗീകരിച്ചുകൊണ്ട് പരിശുദ്ധ സിംഹാസനം സുപ്രധാനമായ രേഖ പുറത്തിറക്കി. ഫ്രാൻസിസ് പാപ്പയുടെ അംഗീകാരപ്രകാരം, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി, മജുഗോറിയെ മരിയൻ തീർഥാടനകേന്ദ്രത്തിന് പരിശുദ്ധ സിംഹാസനം അംഗീകാരം നൽകി.

മജുഗോറിയയിലെ ഇടവകയിൽ പരിശുദ്ധ അമ്മയോടുള്ള പൊതുവണക്കം അനുവദിച്ച പരിശുദ്ധ സിംഹാസനം പക്ഷെ, ഡിക്കാസ്റ്ററി പുറത്തുവിട്ട ‘നുള്ള ഒസ്‌താ’ എന്ന രേഖയിൽ, മജുഗോറിയയിൽ ‘അമാനുഷികമായ’ എന്തെങ്കിലുമുണ്ടോ എന്നതിനെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നില്ല. ലോകം മുഴുവനും നിന്നുള്ള തീർഥാടകർ മജുഗോറിയയിലേക്ക് എത്തുന്നത് എടുത്തുപറയുന്ന പരിശുദ്ധ സിംഹാസനത്തിന്റെ രേഖ, ആരോഗ്യകരമായ വിശ്വാസജീവിതത്തിലേക്കു നയിക്കുന്ന കാര്യങ്ങളാണ് മജുഗോറിയ മുന്നോട്ടുവയ്ക്കുന്നതെന്ന് അനുസ്മരിക്കുന്നു.

നിരവധി ആളുകളാണ് ഈ ഭക്തികേന്ദ്രത്തിൽ വിശ്വാസം തിരികെ കണ്ടെത്തി പരിവർത്തനത്തിലേക്ക് എത്തിയതെന്ന് പരിശുദ്ധ സിംഹാസനം വെളിപ്പെടുത്തി. നിരവധി രോഗശാന്തികളും കുടുംബ അനുരഞ്ജനങ്ങളും ഈ കേന്ദ്രവുമായി ബന്ധപ്പെട്ടു പറയപ്പെടുന്നു. മജുഗോറിയ ഇടവക ആരാധനയുടെയും പ്രാർഥനയുടെയും യുവജന സംഗമങ്ങളുടെയും ഇടമായി മാറിയിട്ടുണ്ട്. ഇസ്ലാം മതവിശ്വാസികൾ ഉൾപ്പെടെയുള്ള ആളുകൾ ഇവിടേക്കെത്തുന്നുണ്ട്.

പ്രാദേശികസഭകളോട്, ഈ സന്ദേശങ്ങൾക്കു പിന്നിലെ അജപാലനമൂല്യം തിരിച്ചറിയാനും അവയിലെ ആധ്യാത്മികപ്രചോദനം ഏവരിലേക്കും എത്തിക്കുന്നതിനു ശ്രമിക്കാനും പരിശുദ്ധ സിംഹാസനം നിർദേശിച്ചു. മജുഗോറിയയിലേക്ക് തീർഥാടനം നടത്തുന്നവരോട്, അവിടെ പരിശുദ്ധ അമ്മയുടെ സന്ദേശം സ്വീകരിക്കുന്നവരെ കാണാനല്ല, മറിച്ച്, സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയെ കണ്ടുമുട്ടാനാണ് നിങ്ങൾ പോകേണ്ടതെന്നും പരിശുദ്ധ സിംഹാസനം ഓർമ്മിപ്പിക്കുന്നു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

Latest News