അയർലണ്ടിലെ യുവതലമുറയ്ക്കിടയിൽ (Generation Z) കുട്ടികളില്ലാത്തവരുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് റിപ്പോർട്ട്. 1997-നും 2012-നും ഇടയിൽ ജനിച്ച ‘ജനറേഷൻ ഇസഡ്’ തലമുറയിലെ നാലിലൊരാൾക്ക് (25 ശതമാനം) 45 വയസ്സാകുമ്പോഴേക്കും കുട്ടികളുണ്ടാകില്ലെന്നാണ് ഡബ്ലിനിലെ അയോണ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നത്.
വിവാഹം, മതസ്വാതന്ത്ര്യം എന്നിവയ്ക്കായി നിലകൊള്ളുന്ന സംഘടനയായ അയോണ ഇൻസ്റ്റിറ്റ്യൂട്ട് മേയിൽ പ്രസിദ്ധീകരിച്ച ‘ചോയ്‌സ് ഓർ സർകംസ്റ്റൻസ്? റൈസിങ് ചൈൽഡ്‌ലെസ്സ്നസ് ഇൻ അയർലണ്ട്’ ‘ എന്ന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. ഹ്യൂമൻ ഫെർട്ടിലിറ്റി ഡാറ്റാബേസിൽ (HFD) നിന്നുള്ള വിവരങ്ങളും ഡെമോഗ്രാഫിക് മോഡലുകളും വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അയർലണ്ടിലെ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തെ ജനനനിരക്കിൽ 18 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.
1950-കളുടെ അവസാനത്തിൽ ജനിച്ച സ്ത്രീകളിൽ 30 വയസ്സാകുമ്പോഴും കുട്ടികളില്ലാതിരുന്നവർ 30.9 ശതമാനം മാത്രമായിരുന്നു. 1990-കളുടെ തുടക്കത്തിൽ ജനിച്ചവരിലേക്ക് എത്തിയപ്പോൾ ഈ നിരക്ക് 63.6 ശതമാനമായി കുതിച്ചുയർന്നു. നിലവിൽ അയർലണ്ടിൽ പുരുഷന്മാരുടെ ശരാശരി വിവാഹപ്രായം 38-ലേക്കും സ്ത്രീകളുടേത് 36-ലേക്കും ഉയർന്നിട്ടുണ്ട്.
യുവതലമുറ സ്വമേധയാ കുട്ടികൾ വേണ്ടെന്ന് വെക്കുകയല്ല, മറിച്ച് ഉയർന്ന ജീവിതച്ചെലവ് ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ അവരെ ഇതിലേക്ക് നയിക്കുകയാണെന്ന് അയോണ ഇൻസ്റ്റിറ്റ്യൂട്ടിലെ ബ്രെഡാ ഒബ്രിയൻ ചൂണ്ടിക്കാട്ടുന്നു. കരിയർ, വിദ്യാഭ്യാസം, യാത്രകൾ, വിനോദം എന്നിവയ്ക്ക് മുൻഗണന നൽകി മുപ്പതുകളുടെ പകുതിക്ക് ശേഷം കുടുംബജീവിതത്തെക്കുറിച്ച് ചിന്തിക്കുന്ന ‘വ്യക്തികേന്ദ്രീകൃത’ ശൈലിയാണ് ഇന്നത്തെ യുവാക്കൾക്കുള്ളത്. പ്രായം കൂടുംതോറും ഗർഭധാരണത്തിനുള്ള സാധ്യത കുറയുമെന്ന പ്രകൃതിനിയമത്തിന് വിരുദ്ധമാണ് ഈ ജീവിതരീതിയെന്നും, വന്ധ്യതാ നിവാരണ മേഖലയുടെ (Fertility Industry) വളർച്ച ഇതിന് തെളിവാണെന്നും ഒബ്രിയൻ കൂട്ടിച്ചേർത്തു.
കുട്ടികളുടെ എണ്ണം കുറയുന്നത് രാജ്യത്ത് വലിയ സാമൂഹിക, സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണമാകുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

