ഇറാന് സംഘര്‍ഷത്തില്‍ കടുത്ത ആശങ്ക അറിയിച്ച് ഇന്ത്യ. മേഖലയുടെ സുരക്ഷയേയും സമാധാനത്തെയും ബാധിക്കുന്ന നടപടികള്‍ ഒഴിവാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സംഘര്‍ഷം ഒഴിവാക്കി നയതന്ത്ര ചര്‍ച്ചകളിലേക്ക് മടങ്ങണം. ഇന്ത്യക്കാരുമായി എംബസികള്‍ സമ്പര്‍ക്കത്തിലുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഇസ്രയേലിന് നേരെ ഇറാന് ആക്രമണം നടത്തിയിരുന്നു.
ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ആക്രമണം. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. ഇസ്രയേല്‍ സേന ഡ്രോണ്‍, മിസൈല്‍ ആക്രമണം സ്ഥിരീകരിച്ചു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്കി. ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ തയ്യാറെന്ന് പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു അറിയിച്ചു. ഇറാനും ഇസ്രയേലിനും ഇടയില്‍ യുദ്ധം ആസന്നമാണ് എന്ന പ്രതീതി ഇപ്പോഴും നിലനില്‍ക്കുകയാണ്.
അതിനിടെ ഇന്നലെ ഹോര്‍മുസ് കടലിടുക്കിലൂടെ പോവുകയായിരുന്ന ഇസ്രായേല്‍ ഉടമസ്ഥതയിലുള്ള ഒരു ചരക്ക് കപ്പല്‍ ഇറാന് പിടിച്ചെടുത്തു. അതിന് പിന്നാലെ, ഇസ്രായേലിലെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹിസ്ബുള്ള റോക്കറ്റ് ആക്രമണങ്ങള്‍ നടത്തി. ചുരുക്കത്തില്‍ മധ്യപൂര്‍വേഷ്യ ഒരു യുദ്ധത്തെ മുഖാമുഖം കണ്ട് നില്‍ക്കുകയാണ്. യുദ്ധത്തിന് മുതിര്‍ന്നാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പും വന്നുകഴിഞ്ഞു.
ഇറാന്റെ ഭാഗത്തുനിന്ന് ഇസ്രായേലിനു നേര്‍ക്കുണ്ടാകുന്ന ഏതൊരു പ്രകോപനവും അവസാനിക്കുക തുറന്ന പോരിലേക്കാവും. അങ്ങനെ ഒന്നുണ്ടായാല്‍, ഇറാന്റെ അയല്‍രാജ്യങ്ങളും അമേരിക്കയടക്കമുള്ള ലോകശക്തികളും, അതില്‍ പക്ഷം ചേരാനും, മധ്യപൂര്‍വേഷ്യ കുറേക്കൂടി വലിയൊരു യുദ്ധത്തിലേക്ക് വഴുതി വീഴാനുമുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. നിലവിലെ ആക്രമണ പ്രത്യാക്രമണങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍, ഇറാന് നടത്തുന്ന പ്രോക്സി യുദ്ധങ്ങള്‍ മുതല്‍ അമേരിക്കയ്ക്ക് മധ്യപൂര്‍വേഷ്യയിലുള്ള സാമ്പത്തിക രാഷ്ട്രീയ താത്പര്യങ്ങള്‍ വരെ നീളുന്നതാണ് എന്നതുകൊണ്ട്, മേഖലയില്‍ സമാധാനം പുലരാന്‍ ആത്മാര്‍ത്ഥമായ നയതന്ത്ര പരിശ്രമങ്ങള്‍ തന്നെ വേണ്ടി വന്നേക്കും.