ഇന്ത്യയൊരു ഹിന്ദുരാഷ്ട്രമല്ല എന്നാണ് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് നൊബേല്‍ ജേതാവ് അമര്‍ത്യ സെന്‍. മതേതര ഭരണഘടനയുള്ള മതേതര രാജ്യമെന്ന നിലയില്‍ രാഷ്ട്രീയമായി തുറന്ന മനസ് ആവശ്യമാണെന്നും അമര്‍ത്യ സെന്‍ ചൂണ്ടിക്കാണിച്ചു.
‘ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കുക എന്ന ആശയം ഉചിതമാണെന്ന് തോന്നുന്നില്ല. ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമല്ല, ഇതാണ് തിരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നത്,’ അമര്‍ത്യ സെന്‍ വ്യക്തമാക്കി.
മഹാത്മ ഗാന്ധിയുടേയും രബീന്ദ്രനാഥ ടാഗോറിന്റേയും നേതാജിയുടേയും മണ്ണില്‍, ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി ചിത്രീകരിക്കുന്നതിനായി ഇത്രയും പണം മുടക്കി രാമക്ഷേത്രം നിര്‍മിച്ചത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ഇന്ത്യയുടെ യഥാര്‍ഥ സ്വത്വത്തെ മറച്ചുപിടിക്കാനുള്ള ശ്രമമായിരുന്നു, അത് മാറേണ്ടതുണ്ട്, സെന്‍ വ്യക്തമാക്കി.
രാഷ്ട്രീയ നേതാക്കളെ ജയിലിലാക്കുന്നതിനെതിരെയും സെന്‍ പ്രതികരിച്ചു. എല്ലാ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും നമ്മള് ഒരു മാറ്റം ആഗ്രഹിക്കുന്നു. വിചാരണയില്ലാതെതന്നെ ആളുകളെ തടവിലാക്കുന്നതും പണക്കാരും ദരിദ്രരും തമ്മിലുള്ള അകലം വര്‍ധിക്കുന്നതും തുടരുകയാണ്. ഇത് അവസാനിക്കണം, സെന്‍ കൂട്ടിച്ചേര്‍ത്തു.
എന്റെ ചെറുപ്പകാലത്ത്, ബ്രിട്ടീഷ് ഇന്ത്യയില്‍ എന്റെ ബന്ധുക്കളില്‍ പലരും വിചാരണപോലുമില്ലാതെ ജയിലില്‍ കിടന്നു. ഇന്ത്യ ഇതില്‍ നിന്ന് മുക്തമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇത് നിലവിലെ സര്‍ക്കാരിന്റെ കീഴില്‍ കൂടുതലായി പ്രയോഗിക്കപ്പെടുന്നു, സെന്‍ പറഞ്ഞു.
പുതിയ മന്ത്രിസഭ പഴയ മന്ത്രിസഭയുടെ പതിപ്പ് മാത്രമാണെന്നും സെന്‍ ചൂണ്ടിക്കാണിച്ചു. മന്ത്രിമാര്‍ അതേ വകുപ്പ് തന്നെ കൈവശം വെയ്ക്കുന്നു. ചെറിയ അഴിച്ചുപണിയുണ്ടായെങ്കിലും രാഷ്ട്രീയപരമായി ശക്തരായവര്‍ അങ്ങനെ തന്നെ തുടരുകയാണെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സെന്‍ പറഞ്ഞു.