ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള പത്രസമ്മേളനത്തിൽ, പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി ആരംഭിച്ച ഓപ്പറേഷന്റെ വിജയത്തെ എടുത്തുകാട്ടി ഇന്ത്യൻ സായുധസേന. ഭീകര അടിസ്ഥാനസൗകര്യങ്ങൾ തകർക്കാൻ ലക്ഷ്യമിട്ടുള്ള കൃത്യതയാർന്ന ആക്രമണങ്ങളിൽ നൂറിലധികം തീവ്രവാദികൾ കൊല്ലപ്പെട്ടതായി ഡി ജി എം ഒ ലഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് സ്ഥിരീകരിച്ചു.
ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർ എടുത്തുപറഞ്ഞു. ഇത്തരം ശ്രമങ്ങളെ ഇന്ത്യൻ വ്യോമ പ്രതിരോധസംവിധാനങ്ങൾ നിർവീര്യമാക്കി എന്നും പാക്കിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങളും റഡാർ സൈറ്റുകളും ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടിച്ചു എന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാൻ ഭാഗത്ത് ഏകദേശം 35-40 പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നുണ്ടെന്നും പാക്കിസ്ഥാന്റെ കുറച്ച് വിമാനങ്ങൾ തകർന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, ഓപ്പറേഷനിൽ വീരമൃത്യു വരിച്ച ഇന്ത്യയുടെ അഞ്ച് സൈനികർക്ക് അവരുടെ ത്യാഗത്തിന് ഉദ്യോഗസ്ഥർ വാർത്താസമ്മേളനത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
തന്ത്രപരമായ സംയമനം പാലിക്കുന്നതിനൊപ്പം ഭീകരതയെ കൃത്യതയോടെ ആക്രമിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ പത്രസമ്മേളനം അടിവരയിട്ടു. പാക്കിസ്താനിലും പാക്ക് അധിനിവേശ കാശ്മീരിലും ഇന്ത്യ നടത്തിയ ആക്രമണങ്ങള്‍ ഭീകരവാദികളെ മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും കര-വ്യോമ-നാവികസേനാ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.