കഫ് സിറപ്പ് ഉപയോഗിച്ച് 68 കുട്ടികള്‍ മരിച്ച സംഭവത്തില്‍ 23 പേര്‍ക്ക് ഉസ്ബസ്‌കിസ്ഥാന്‍ സുപ്രീം കോടതി തടവുശിക്ഷ വിധിച്ചു. ഒരു ഇന്ത്യക്കാരന് ഉള്‍പ്പെടെയാണ് ശിക്ഷ വിധിച്ചത്. സംഭവത്തിലുള്‍പ്പെട്ട ഇന്ത്യക്കാരന് 20 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് വിധിച്ചത്.
ഉത്തര്‍ പ്രദേശ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി മരിയോണ്‍ ബയോടെക് നിര്‍മ്മിച്ച കഫ് സിറപ്പ് ഉപയോഗിച്ച 68 കുട്ടികള്‍ മരിച്ച കേസിലാണ് വിധി. രണ്ടു മുതല്‍ 20 വര്‍ഷം വരെയുള്ള തടവുശിക്ഷയാണ് 23 പേര്‍ക്കും കോടതി വിധിച്ചത്. ഇതില്‍ ഉസ്ബസ്‌കിസ്ഥാനില്‍ ഇന്ത്യയുടെ മരിയോണ്‍ ബയോടെക് ഉല്‍പ്പാദിപ്പിച്ച മരുന്നുകള്‍ വിറ്റ ഖുറാമാക്‌സ് മെഡിക്കല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഇന്ത്യക്കാരന്‍ സിങ് രാഘവേന്ദ്ര പ്രതാറിനാണ് ഏറ്റവും കൂടുതല്‍ കാലത്തെ ജയില്‍ ശിക്ഷ ലഭിച്ചത്. 20 വര്‍ഷത്തെ തടവുശിക്ഷയാണ് പ്രതാറിന് വിധിച്ചത്.
ഇറക്കുമതി ചെയ്ത മരുന്നുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന ചുമതല വഹിച്ചിരുന്ന മുന്‍ മുതിര്‍ന്ന ഉദ്യേഗസ്ഥര്‍ക്കും ദീര്‍ഘനാളത്തെ ശിക്ഷ ലഭിച്ചു. നികുതി വെട്ടിപ്പ്, നിലവാരമില്ലാത്തതോ വ്യാജമോ ആയ മരുന്നുകളുടെ വില്‍പ്പന, ഓഫീസ് ദുരുപയോഗം, അശ്രദ്ധ, വ്യാജരേഖ ചമയ്ക്കല്‍, കൈക്കൂലി വാങ്ങല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
ഇതിന് പുറമെ സിറപ്പ് കഴിച്ച് മരിച്ച 68 കുട്ടികളുടെ കുടുംബത്തിനും അംഗവൈകല്യം സംഭവിച്ച മറ്റ് നാല് കുട്ടികള്‍ക്കും 80,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരത്തുക ഏഴ് പ്രതികളില്‍ നിന്ന് ഈടാക്കണമെന്നും കോടതി വ്യക്തമാക്കി. ഏഴ് മാസം നീണ്ട കോടതി വിചാരണയ്ക്ക് ശേഷമാണ് വിധി പുറപ്പെടുവിച്ചത്.
2022ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മാരിയോണ്‍ ബയോടെക് ഉല്‍പ്പാദിപ്പിച്ച ഡോക്-1 കഫ് സിറപ്പ്, ഉസ്‌ബെകിസ്ഥാനില്‍ 68 കുട്ടികളുടെ മരണകാരണമായെന്നാണ് കേസ്. തുടര്‍ന്ന് ബന്ധപ്പെട്ട കേന്ദ്ര, സംസ്ഥാന വകുപ്പുകള്‍ സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും 2023 മാര്‍ച്ചില്‍ നോയിഡ ആസ്ഥാനമാക്കിയുള്ള സ്ഥാപനത്തിന്റെ മാനുഫാക്ചറിങ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ മാരിയോണ്‍ ബയോടെകിലെ മൂന്ന് ജീവനക്കാരെ യുപി പൊലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് ഡയറക്ടര്‍മാര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. മാരിയോണ്‍ ബയോടെക് ഉല്‍പ്പാദിപ്പിച്ച കഫ് സിറപ്പില്‍ മായം ചേര്‍ത്തിട്ടുണ്ടെന്നും നിലവാരമില്ലാത്തതാണെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.