കരുത്താര്‍ജ്ജിച്ച് ഇന്ത്യയുടെ ഔഷധ കയറ്റുമതി മേഖല. 2023-24-ല്‍ ഇന്ത്യയുടെ ഔഷധ കയറ്റുമതിയിലൂടെ രാജ്യം സമാഹരിച്ചത് 2.32 ലക്ഷം കോടി രൂപ. 9.67 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചരിക്കുന്നത്. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷത്തില്‍ ഇത് 2.11 ലക്ഷം കോടി ആയിരുന്നു.
ഗുണമേന്മയുള്ള വിലകുറഞ്ഞ ജെനറിക് മരുന്നുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നതാണ് ഇന്ത്യയെ മറ്റു രാജ്യങ്ങള്‍ക്ക് പ്രിയങ്കരമാക്കുന്നത്. 50-ലധികം ചികിത്സാ വിഭാഗങ്ങളിലായി 60,000-ത്തിലധികം ജെനറിക് മരുന്നുകളാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്.
ഉത്പാദനത്തിന്റെ അളവിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനവും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 13-ാം സ്ഥാനവുമാണ് നിലവില്‍ ഇന്ത്യക്കുള്ളത്. ഇന്ത്യയുടെ ഔഷധക്കയറ്റുമതിയില്‍ ഇപ്പോഴത്തെ നിരക്ക് തുടര്‍ന്നാല്‍ 2030 ആകുമ്പോഴേക്കും 10.79 ലക്ഷം കോടിയുടേതാകുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം അമേരിക്ക, ബ്രിട്ടണ്‍, നെതര്‍ലന്‍ഡ്സ്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ മരുന്നുകള്‍ കയറ്റുമതി ചെയ്തത്. 31 ശതമാനവും അമേരിക്കയിലേക്കാണ്. മൂന്ന് ശതമാനം വീതം പങ്കാളിത്തമാണ് ബ്രിട്ടണും നെതര്‍ലന്‍ഡ്സിനും ഉള്ളത്. മോണ്ടിനെ ഗ്രോ, ദക്ഷിണ സുഡാന്‍, പ്രൂണൈ, ലാത്വിയ, അയര്‍ലന്‍ഡ്സ്, സ്വീഡന്‍, എത്യോപ്യ, ഹെയ്തി തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷം ഇന്ത്യ കയറ്റുമതി തുടങ്ങി.