1950 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ ഹിന്ദു ജനസംഖ്യാനുപാതത്തില്‍ 7.81 ശതമാനത്തിന്റെ ഇടിവുണ്ടായെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. ഈ കാലയളവില്‍ മുസ്ലിം ജനസംഖ്യാനുപാതം 43.15 ശതമാനം വര്‍ധിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.
1950ല്‍ രാജ്യത്തെ ജനസംഖ്യയുടെ 84.68 ശതമാനമായിരുന്നു ഹിന്ദുക്കള്‍. 2015ല്‍ ഇത് 78.06 ശതമാനമായി കുറഞ്ഞു. 7.81 ശതാനത്തിന്റെ ഇടിവാണ് അനുപാതത്തില്‍ ഉണ്ടായത്. രാജ്യത്തെ ജനസംഖ്യയുടെ 9.84 ശതമാനമായിരുന്നു, 1950ല്‍ മുസ്ലിംകളുടെ എണ്ണം. 2015ല്‍ ഇത് 14.09 ശതമാനായി ഉയര്‍ന്നു. അനുപാതത്തിലെ വര്‍ധന 43.15%.
തെക്കന്‍ ഏഷ്യയില്‍ മ്യാന്‍മറിനു ശേഷം ഭൂരിപക്ഷ സമുദായത്തിന്റെ അനുപാതത്തില്‍ കൂടുതല്‍ ഇടിവുണ്ടായത് ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗങ്ങളായ ശമിക രവി, അപൂര്‍വ കുമാര്‍ മിശ്ര, അബ്രഹാം ജോസ് എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ എണ്ണം ആശങ്കപ്പെടുത്തുംവിധം കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ മറിച്ചാണ് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.