Wednesday, May 14, 2025

ലോക നഴ്സസ് ദിനം

ഇന്ന് ലോക നഴ്സസ് ദിനം ആണ് (INTERNATIONAL NURSES DAY). നഴ്സിങ് ജോലിക്ക് ഒരു പുതിയ മുഖം, കാരുണ്യത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഒരു പുതിയ മുഖം നൽകിയ ഫ്ലോറൻസ് നൈറ്റിങ്ങേൽ എന്ന ആതുരസേവനരംഗത്തെ മാലാഖയുടെ ജന്മദിനമാണ് നഴ്സസ് ഡേ ആയി ആഘോഷിക്കുന്നത്.

കുഞ്ഞിലെ മുതൽ ഒത്തിരി ഇഷ്ടം തോന്നിയ ഒരു കൂട്ടം ആളുകളായിരുന്നു വെള്ളയുടുപ്പിട്ട നഴ്സസ്. കുഞ്ഞുനാളിലെന്നോ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ്‌ ഹോസ്പിറ്റലിൽ എത്തിയപ്പോൾ സ്നേഹത്തോടെ സംസാരിച്ച മെഡിക്കൽ മിഷൻ സിസ്റ്റേഴ്‌സ് എന്ന സന്യാസ സമൂഹത്തിലെ അംഗമായിരുന്ന ഐറീനാമ്മാ ആയിരുന്നു ആദ്യമായി ഹൃദയത്തെ സ്പർശിച്ച വെള്ളയുടുപ്പിട്ട മാലാഖ. പിന്നെ പല പ്രാവശ്യം രോഗിയായും, വല്യപ്പൻ ആശുപത്രിയിൽ കിടന്നപ്പോൾ കൂട്ടുനിൽപ്പുകാരനായുമൊക്കെ ഒരുപാട് തവണ കയറിയിറങ്ങി. സ്വന്തം വീടുപോലെ, സ്വന്തം വീട്ടുകാരെപ്പോലെ പരിചയമുള്ളവരായി മാറിയ അനേകം സഹോദരിമാർ. പിന്നീടങ്ങോട്ട് ജീവിതത്തിൽ ഒത്തിരിയൊത്തിരി സ്വാധീനിച്ച സൗഹൃദങ്ങൾ, അതിൽ ഹൃദയത്തെ തൊട്ട കൂട്ടുകളിൽ വെള്ളയുടുപ്പണിഞ്ഞ മാലാഖമാരും ഉണ്ടായിരുന്നു.

വീട്ടിൽ നിന്നും ഏറ്റവുമടുത്ത ബന്ധുക്കളിൽ നിന്നുമൊക്കെ കുറെ പേര് ഈ വിശുദ്ധമായ ജോലിയിൽ ഏർപ്പിട്ടിരിക്കുന്നവരും അതിനായി പഠിച്ചു ഒരുങ്ങുന്നവരുമാണ്. ഇപ്പോഴും എന്റെ ഏറ്റവും അടുത്ത ചങ്ങാതിമാരിലൊരാൾ ഒരു വെള്ളയുടുപ്പിട്ട മാലാഖ തന്നെ. ജോലിയുടെ വേദനകളും അതിന്റെ ഇടയിലുള്ള കൊച്ചുകൊച്ചു സന്തോഷങ്ങളും ഏറ്റവുമടുത്ത ചങ്ങാതിയോടെന്ന പോലെ പങ്കുവച്ചിരുന്ന, ഇപ്പോഴും പങ്കുവയ്ക്കുന്ന കുറെ ചങ്ക് കൂട്ടുകാർ.

ഒരു പരിചയവുമില്ലാത്ത, തങ്ങളുടെ മുന്നിലെത്തുന്നവരെ ഏറ്റവും സ്നേഹത്തോടെ, ക്ഷമയോടെ, കാരുണ്യത്തോടെ പരിചരിക്കുന്നവർ. തങ്ങളുടെ പല സ്വപ്നങ്ങളും വേണ്ടെന്നുവച്ചു പോലും തങ്ങളുടെ കുടുംബത്തിനായി പണിയെടുക്കുന്നവർ. കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടുമുട്ടിക്കാൻ പാടുപെടുമ്പോഴും മുഖത്ത് പരിഭവമില്ലാതെ തങ്ങളുടെ മുന്നിലെത്തുന്നവരെ ശശ്രൂഷിക്കുന്നവരെക്കുറിച്ച് കൂടുതൽ ഒന്നും പറയേണ്ടതില്ലല്ലോ.

പക്ഷേ, നാം അവരെ ഓർക്കുന്നത് നിപ്പ വരുമ്പോഴോ, കൊറോണ വരുമ്പോഴോ, വേറെ ഏതെങ്കിലും ദുരന്തം നാടിനെ ഗ്രസിക്കുമ്പോഴോ മാത്രമായി പോകുന്നുതാനും. അപ്പോൾ ഞാനടക്കമുള്ള മിക്കവരും വളരെ ആക്റ്റീവ് ആകും, നഴ്സമാരുടെ ജോലിയുടെ മാഹാത്മ്യം പ്രകീർത്തിക്കും. അവർക്കുവേണ്ടി കൈയ്യടിക്കും, അവരുടെ നിസ്വാർത്ഥസേവനത്തെ നവമാധ്യമങ്ങളിൽ കൂടി വിളിച്ചുപറയും. പക്ഷേ, എല്ലാം ഒതുങ്ങിക്കഴിയുമ്പോൾ പിന്നെ അവരൊന്നും തന്നെ അപൂർവ്വം ചിലർക്കൊഴികെ നമ്മുടെ പ്രാർത്ഥനകളിലോ ഓർമ്മകളിൽ പോലുമോ സ്ഥാനമില്ലാതെയുമാകും.

എന്തോ നമ്മൾ അങ്ങനെയാണ്. ഇനിയും അങ്ങനെ തന്നെ നമ്മൾ അങ്ങുപോകും. അടുത്ത മഹാമാരി തലപൊക്കും വരെ. നമുക്ക് ഇത്തിരികൂടെ അവരെ സ്നേഹിച്ചുകൂടേ. നമ്മുടെ അമ്മ പോലും നമ്മെ കാണും മുമ്പേ നമ്മെ കാണുന്നവരാണവർ.. ഞാനും നീയുമൊക്കെ രോഗിയായി കിടക്കുമ്പോൾ ഉറക്കമൊഴിച്ചു കാത്തിരിക്കുന്നവരണവർ.. ഒടുവിൽ നമ്മുടെ കണ്ണുകൾ മെല്ലെ ചേർത്തു അടക്കുകയും നമ്മെ അന്ത്യയാത്രക്കായി ഒരുക്കുകയും ചെയ്യുന്നതും അവർ തന്നെയല്ലേ.

പ്രിയസുഹൃത്തേ, നമുക്ക് കൂടുതൽ കരുതൽ ഉള്ളവരാകാം. നമ്മുടെ മാലാഖമാരോട്, അവരുടെ ജോലിയോട് നമുക്ക് അല്പം കൂടെ സ്നേഹം കാണിക്കാം. നീയും ഞാനുമെല്ലാം ജീവിതത്തിൽ ഒരിക്കലെങ്കിലും അവരുടെ കരുതലും കാരുണ്യവും അറിഞ്ഞിട്ടുള്ളവരല്ലേ.

ആതുര സേവനമേഖലയിൽ പ്രവർത്തിക്കുന്ന പ്രിയപ്പെട്ട സഹോദരങ്ങളെ, നിങ്ങൾക്ക് എല്ലാവർക്കും ഒത്തിരി സ്നേഹത്തോടെ, പ്രാർത്ഥനയോടെ ഈ ദിനത്തിന്റെ മംഗളങ്ങൾ നേരുന്നു. ഫ്ലോറൻസ് നയ്റ്റിംഗേളിലെ പോലെ കാരുണ്യവും സമർപ്പണവും ഉള്ളവരായി നിങ്ങൾ മാറട്ടെ എന്ന് സ്നേഹപൂർവം ആശംസിക്കുന്നു.

ഫാ. റോയി SDV

NB. മാലാഖമാരുടെ വെള്ളയുടുപ്പ് ഒക്കെ ഇപ്പോ മാറി ഇപ്പോൾ പച്ചയും നീലയും ചുവപ്പും ഒക്കെയാകാൻ തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

Latest News