ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ആക്രമണത്തിന് തിരിച്ചടി ഉടനെന്ന് ഇസ്രയേല്‍. സംഘര്‍ഷത്തിന് പിന്നാലെ ഇസ്രയേലിന്റെ സുരക്ഷയ്ക്കായി ആഗോള ശക്തികള്‍ രംഗത്തെത്തി. ഇസ്രയേലിന്റെ സുരക്ഷയ്ക്കായി നിലകൊള്ളുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ദേശീയ സുരക്ഷാ സംഘവുമായി കൂടിക്കാഴ്ച നടത്തി. രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ഇസ്രയേലിലെ സാഹചര്യം വിലയിരുത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ബൈഡന്‍ ഫോണില്‍ സംസാരിച്ചു. ഇസ്രയേലിലേക്ക് ഇറാന്‍ തൊടുത്ത ചില ഡ്രോണുകള്‍ യുഎസ് സേന തകര്‍ത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ രംഗത്തെത്തി. ലോകത്തിന് ഇനിയൊരു യുദ്ധം താങ്ങാന്‍ കഴിയില്ലെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. ശത്രുത അവസാനിപ്പിക്കണമെന്നും രാജ്യങ്ങള്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘര്‍ഷത്തെ അപലപിച്ച് കാനഡയും രംഗത്തെത്തി. യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിക്കണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 1.30ന് യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം ചേരും.
ഇസ്രയേലുമായി യുദ്ധത്തിനിറങ്ങിയാല്‍ പരാജയപ്പെടുമെന്ന് ഇറാന് ജോബൈഡന്‍ കഴിഞ്ഞ ദിവസം താക്കീത് നല്‍കിയിരുന്നു. ഇസ്രയേലിന്റെ സുരക്ഷക്കായി അമേരിക്ക രംഗത്തിറങ്ങുമെന്നും ബൈഡന്‍ അറിയിച്ചിരുന്നു. യുദ്ധത്തിനായി കൂടുതല്‍ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും പശ്ചിമേഷ്യയിലേക്ക് വിന്യസിക്കാനുള്ള നടപടി കഴിഞ്ഞ ദിവസം തന്നെ തുടങ്ങിയിരുന്നു. ഏപ്രില്‍ ഒന്നിന് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഡമാസ്‌കസിലെ ഒരു ഇറാനിയന്‍ നയതന്ത്ര കെട്ടിടം ഇടിച്ചുനിരത്തുകയും രണ്ട് ജനറല്‍മാര്‍ ഉള്‍പ്പെടെ ഏഴ് മുതിര്‍ന്ന റെവല്യൂഷണറി ഗാര്‍ഡുകള്‍ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ഇറാന്‍ പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തത്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര പോകരുതെന്ന് ഇന്ത്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ഇറാനിലും ഇസ്രയേലിലും താമസിക്കുന്ന ഇന്ത്യക്കാര്‍ അവിടത്തെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവിടെയുള്ള ഇന്ത്യാക്കാര്‍ തങ്ങളുടെ സുരക്ഷയ്ക്ക് കൂടുതല്‍ മുന്‍കരുതലുകള്‍ നല്‍കണമെന്നും പുറത്തേക്കുള്ള യാത്രകള്‍ പരമാവധി കുറയ്ക്കണമെന്നും വിദേശകാര്യ മന്ത്രലായം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.