ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്‍ വിദേശകാര്യമന്ത്രിയും ഹെലികോപ്റ്ററിലുണ്ടായിരുന്നു. തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെ അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ജോല്‍ഫ നഗരത്തിലാണ് അപകടം സംഭവിച്ചത്.
മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റര്‍ തിരിച്ചിറിക്കിയെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്. ഹെലികോപ്റ്ററിലുള്ളവരുമായി ആശയവിനിമയം സാധ്യമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനൊപ്പം ഒരു അണക്കെട്ട് ഉദ്ഘാടനം ചെയ്യാനായിരുന്നു ഇന്ന് രാവിലെ റൈസി അസര്‍ബൈജാനില്‍ എത്തിച്ചേര്‍ന്നത്. ഇരു രാജ്യങ്ങളും ചേര്‍ന്ന് അറാസ് നദിയില്‍ നിര്‍മിച്ച മൂന്നാമത്തെ അണക്കെട്ടിന്റെ ഉദ്ഘാടനമായിരുന്നു ഇത്.
തിരച്ചലിനായി നാല്പതിലേറെ സംഘത്തെ വിന്യസിച്ചിട്ടുണ്ടെങ്കിലും ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയ സ്ഥലം ഇതുവരെയും കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല.
മഴയും മൂടല്‍ മഞ്ഞും ദുര്‍ഘടമായ ഭൂപ്രകൃതി കാരണം സംഭവസ്ഥലത്ത് എത്തിച്ചേരാനുള്ള പ്രയാസം വെല്ലുവിളിയാണെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റിന്റെ ജീവനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നഭ്യര്‍ത്ഥിച്ച് ഇറാന്‍ സൈന്യം അഭ്യര്‍ഥിച്ചു.