പശ്ചിമേഷ്യയില്‍ സംഘര്‍ഷം പുകയുന്നതിനിടയിലാണ് ആ ദുരന്തമുണ്ടായത്. ഇന്നലെ വൈകുന്നേരം പ്രദേശിക സമയം ആറ് മണിയോടെ ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രി ഹുസൈന് അമീര്‍ അബ്ദുല്ലാഹിയാനും അടക്കം ഒമ്പത് പേര് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. പിന്നാലെ ഇന്ന്, ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവരെല്ലാം മരിച്ചതായി ഇറാന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഇബ്രാഹിം റെയ്സി
അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടയാളാണ് ഇബ്രാഹിം റെയ്സി. 2017ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും അന്നത്തെ പ്രസിഡന്റായ ഹസന് റൂഹാനിയോടു പരാജയപ്പെട്ടു.
ആദ്യത്തെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല റൂഹല്ല ഖമെയ്നിയുമായും ഇപ്പോഴത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായും റെയ്സിക്ക് അടുപ്പമുണ്ടായിരുന്നു. സര്‍ക്കാരിലെ വിവിധ വിഭാഗങ്ങളുമായും മികച്ച ബന്ധം ഉണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
കടുത്ത ഉപരോധത്തെ തുടര്‍ന്ന് രാജ്യം ദാരിദ്ര്യത്തില്‍ മുങ്ങിത്താഴുമ്പോഴും പ്രതിരോധ ബജറ്റിനായി വന്‍ തുക നീക്കിവച്ചത് കടുത്ത വിമര്‍ശനം ക്ഷണിച്ചുവരുത്തി. 2022ല്‍ മതപൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്സ അമിനി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ഇദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിച്ചു. ഹിജാബ് ധരിക്കാത്തതിന്റെ പേരിലായിരുന്നു അറസ്റ്റ്.
ഒട്ടേറെപ്പേരാണ് ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രതിഷേധം അടിച്ചമര്‍ത്താനുള്ള പൊലീസിന്റെ നീക്കം അഞ്ഞൂറിലധികം പേരുടെ മരണത്തിനും ഇടയാക്കി. 2023 മധ്യത്തോടെയാണ് പ്രതിഷേധത്തിന് കുറച്ചൊരു അയവു വന്നത്. ഈ വിഷയത്തില്‍ യുഎന്നിന്റെ റിപ്പോര്‍ട്ടും ഇറാന് എതിരായിരുന്നു.
യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപ് ആണവ കരാറില്‍നിന്നു പൊടുന്നനെ പിന്മാറിയത് രാജ്യാന്തര തലത്തിലെ ഇറാന്റെ ബന്ധങ്ങളിലും ഉലച്ചിലുണ്ടാക്കി. ഇറാനെതിരെ വീണ്ടും കടുത്ത ഉപരോധങ്ങള്‍ ചുമത്തപ്പെട്ടു. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിച്ചു. ഇതോടെ വീണ്ടും ആണവ പദ്ധതികള്‍ പുനരാരംഭിക്കുകയാണെന്ന് റെയ്സി പ്രഖ്യാപിച്ചു. കോവിഡ് മഹാമാരിയും കാര്യങ്ങള്‍ മോശമാക്കി. രാജ്യാന്തര വിഷയങ്ങളില്‍ റെയ്സി നടത്തിയ വിവാദ പ്രസ്താവനകള്‍ യുഎസ്, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളെ പ്രകോപിപ്പിച്ചു.
പലസ്തീന് വിഷയത്തില്‍ ഇസ്രയേലുമായി റെയ്സി സ്ഥിരമായി കൊമ്പുകോര്‍ത്തിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ 300ല്‍ അധികം ഡ്രോണുകളും മിസൈലുകളും ഇസ്രയേലിലേക്ക് അയച്ചുള്ള ആക്രമണം നടത്തിയത് റെയ്സിയുടെ അനുവാദത്തോടെയായിരുന്നു. പാശ്ചാത്യ ശക്തികളോട് എതിര്‍ത്തുനില്‍ക്കുന്ന സിറിയയുമായും പലസ്തീന് പോരാട്ടത്തിന് പിന്തുണ നല്കുന്ന ലബനനിലെ ഹിസ്ബുല്ലയുമായും ഇറാന് മികച്ച ബന്ധം കാത്തുസൂക്ഷിച്ചതും റെയ്സിയുടെ നിലപാടിന്റെ ഭാഗം തന്നെ.
ഇറാന് രാഷ്ട്രീയത്തിലെ യാഥാസ്ഥിക-തീവ്രപക്ഷക്കാരനായ നേതാവായാണ് ഇബ്രാഹിം റെയ്സി അറിയപ്പെടുന്നത്. മതത്തിലും രാഷ്ട്രീയത്തിലും വിട്ടുവീഴ്ചയില്ലാത്ത കടുപ്പക്കാരന്‍. പരമോന്നത നേതാവായ ഖാംനഈയുടെ പിന്‍ഗാമി. പരമോന്നത നേതാവിനെ കണ്ടെത്താനുള്ള ഉന്നത സമിതി അംഗം. മതപണ്ഡിതന് എന്ന നിലയിലും ന്യായാധിപന് എന്ന നിലയിലും അറിയപ്പെടുന്ന റെയ്സി ഭരണകൂടത്തിന് അനഭിമതരായ രാഷ്ട്രീയക്കാരുടെ വധശിക്ഷ നിര്‍ണയിക്കുന്ന സമിതി അംഗം കൂടിയായിരുന്നു. ഇറാനില്‍ ശക്തമായി തുടരുന്ന മിതവാദ, പുരോഗമന പക്ഷത്തിനോട് കടുത്ത എതിര്‍പ്പു പുലര്‍ത്തിയിരുന്ന ഇദ്ദേഹം പരമോന്നത നേതാവ് ഖാം നഈയുടെ പിന്തുണയോടെയാണ് അധികാരത്തില്‍ എത്തിയത്.