തെക്കന്‍ ലെബനനില്‍ ഒരു കാറിനുനേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് ഹിസ്ബുള്ള അംഗങ്ങള്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ ആക്രമണത്തില്‍ കത്തി നശിച്ച കാറില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ തങ്ങളുടെ രക്ഷാ സേന പുറത്തെടുത്തതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
മറുപടിയായി വടക്കന്‍ ഇസ്രായേലിലെ സൈനിക താവളത്തിന് നേരെ ഹിസ്ബുള്ള ഡ്രോണുകളുപയോഗിച്ച് ആക്രമണം നടത്തി. ഗാസയില്‍ ഏഴ് മാസമായി തുടരുന്ന യുദ്ധത്തിന് സമാന്തരമായി നടക്കുന്ന ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം 2006 ന് ശേഷമുള്ള ഏറ്റവും തീവ്രമായ സ്ഥിതിയിലാണ്. വലിയ യുദ്ധത്തിലേക്ക് സ്ഥിതിഗതികള്‍ നീങ്ങുമെന്ന ആശങ്കകള്‍ക്ക് ആക്കംകൂട്ടി ഇരുപക്ഷവും ഈയാഴ്ച ബോംബാക്രമണം ശക്തമാക്കി.
ലെബനനില്‍ നിന്ന് നിരവധി ഡ്രോണുകള്‍ വിക്ഷേപിക്കപ്പെട്ടെന്നും ഇവ ആകാശത്തുവെച്ചു തന്നെ നശിപ്പിച്ചെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇസ്രായേലിന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിക്കടുത്തുള്ള പട്ടണമായ ഷ്ലോമിയില്‍ പലയിടത്തും ഡ്രോണുകള്‍ മൂലം തീപിടുത്തമുണ്ടായി. ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലെബനന് പ്രദേശത്തിനുള്ളില്‍ വെച്ചുതന്നെ രണ്ട് ഡ്രോണുകള്‍ തടഞ്ഞതായും തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയുടെ കേന്ദ്രത്തിലേക്കും ആക്രമണം നടത്തിയതായും ഇസ്രായേല്‍ സൈന്യം അറിയിച്ചു.