യഹൂദന്മാരുടെ പ്രായശ്ചിത്ത ദിനവും ജൂത കലണ്ടറിലെ ഏറ്റവും വിശുദ്ധ ദിനവുമായ യോം കിപ്പൂരിനായി ഇസ്രായേൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു അടച്ചു. 1973 ന് ശേഷം ആദ്യമായി ആണ് രാജ്യം ഈ വിശുദ്ധ ദിനത്തിൽ സജീവമായ ഒരു യുദ്ധത്തിൽ ഏർപ്പെടുന്നത്. 1973 -ൽ ഈ പുണ്യ ദിനത്തിലായിരുന്നു ഇസ്രായേൽ ഈജിപ്തിന്റെയും സിറിയയുടെയും അപ്രതീക്ഷിത സൈനിക ആക്രമണം നേരിട്ടത്.
സ്ഥിരമായ റോക്കറ്റ് ആക്രമണത്തിനും ഇറാനുമായുള്ള സംഘർഷങ്ങൾക്കും ഇടയിൽ ലെബനനിലും ഗാസയിലും സൈന്യം പോരാട്ട പ്രവർത്തനങ്ങൾ തുടരുകയും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി പ്രത്യേക മുന്നറിയിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ രാജ്യം അതീവ ജാഗ്രതയിലായിരുന്നു. ഈ വിശുദ്ധ ദിനത്തിന്റെ ആദ്യ മണിക്കൂറുകളിൽ 120 ലധികം റോക്കറ്റുകളാണ് ഇസ്രായേലിന് നേരെ പ്രയോഗിക്കപ്പെട്ടത്.
2023 ഒക്ടോബർ 7 ന് നടന്ന ഹമാസ് ആക്രമണത്തെത്തുടർന്ന് രാജ്യം വളരെയധികം വേദനയും കഷ്ടപ്പാടും അനുഭവിച്ച ഒരു വർഷത്തെ പ്രതിഫലിപ്പിച്ചതിനാൽ ഈ വിശുദ്ധ ദിവസം ആത്മപരിശോധനയുടെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തി. രാജ്യം അനുദിനം യുദ്ധത്തിൽ മുന്നോട്ട് പോകുന്നതല്ലാതെ അത് അവസാനിക്കുന്ന ലക്ഷണങ്ങൾ കാണിക്കുന്നില്ലാത്ത സാഹചര്യത്തിൽ യഹൂദർ കൂടുതൽ പ്രാർഥനകളും മറ്റുമായി മുന്നോട്ട് പോകുകയാണ്.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് ഹോം ഫ്രണ്ട് കമാൻഡ് താമസക്കാരോട് റോക്കറ്റ്, മിസൈൽ ആക്രമണങ്ങൾ പോലുള്ള പ്രത്യേക അപകടങ്ങളെക്കുറിച്ച് കൂടുതൽ മുന്നറിയിപ്പ് നൽകാൻ ഉള്ള സംവിധാനങ്ങൾ ശക്തമാക്കാൻ അഭ്യർത്ഥിച്ചു.