Sunday, November 24, 2024

ഇസ്രയേല്‍ സൈന്യം ബോംബാക്രമണത്തിന് നിര്‍മിത ബുദ്ധിയെ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്

ഹമാസുമായുള്ള യുദ്ധത്തില്‍ കൂട്ടക്കൊലയ്ക്കായി ഇസ്രയേല്‍ സൈന്യം എഐ സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തിയെന്ന് തെളിയിക്കുന്ന നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ബോംബാക്രമണങ്ങള്‍ക്കുള്ള ടാര്‍ജെറ്റുകളെ കണ്ടെത്താന്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ഡാറ്റബേസ് ഇസ്രയേല്‍ സൈന്യം പ്രയോജനപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

ലാവെന്‍ഡര്‍ എന്ന് പേരുള്ള നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇസ്രേയേല്‍ സൈന്യം ആയിരക്കണക്കിന് ബോംബിംഗ് ടാര്‍ജെറ്റുകളെ കണ്ടെത്തുകയും നിരീക്ഷിക്കുകയും ഒറ്റപ്പെടുത്തുകയും ഇതുവഴി അവരെ ആക്രമിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഇസ്രായേല്‍-പലസ്തീനിയന്‍ പ്രസിദ്ധീകരണമായ +972 മാഗസിനും ഹീബ്രു-ഭാഷാ മാധ്യമമായ ലോക്കല്‍ കോളും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത്.

37000ത്തോളം ടാര്‍ജെറ്റുകളുടെ ഡാറ്റാബേസ് എഐ തയാറാക്കിയിട്ടുണ്ടെന്നാണ് അല്‍ ജസീറയുടെ കിഴക്കന്‍ ജെറുസലേം റിപ്പോര്‍ട്ടര്‍ റോറി ചാലാന്‍ഡ്‌സ് പറയുന്നത്. ലാവന്‍ഡറിന് പത്ത് ശതമാനത്തോളം പിഴക് പറ്റാനുള്ള സാധ്യത ഉണ്ടെന്നിരിക്കിലും ഹമാസ് പ്രവര്‍ത്തകരെ കണ്ടെത്താനാണ് ഇസ്രയേല്‍ സൈന്യം ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചതെന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു ഇസ്രയേല്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ അല്‍ജസീറയോട് പറഞ്ഞത്.

എഐ ഉപയോഗിച്ച് ടാര്‍ജെറ്റുകളെ കണ്ടെത്തുന്ന പ്രക്രിയ സാധാരണക്കാരായ നിരവധി പേര്‍ കൊല്ലപ്പെടുന്നതിനിടയാക്കിയെന്നാണ് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യോമാക്രമണം നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് മനുഷ്യന് പകരം എഐയെ ചുമതലപ്പെടുന്നത് യുദ്ധക്കുറ്റകൃത്യമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും ആരോപിക്കുന്നു.

 

 

 

Latest News