Sunday, November 24, 2024

ഗാസയിലേക്ക് അന്താരാഷ്ട്ര സഹായം എത്തിക്കാന്‍ ഒരു കവാടം കൂടി തുറക്കുമെന്ന് ഇസ്രയേല്‍

ഗാസ മുനമ്പിലേക്ക് ഒരു പുതിയ പ്രവേശന കവാടം തുറക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. വിദേശത്ത് നിന്നോ അയല്‍രാജ്യമായ ജോര്‍ദാനില്‍ നിന്നോ പാലസ്തീനികള്‍ക്കുള്ള സഹായം എത്തിക്കുന്നതിനായാണ് കവാടം തുറക്കുക. ഒക്ടോബര്‍ 7 ന് ഹമാസ് അതിര്‍ത്തി കടന്ന് നടത്തിയ ആക്രമണത്തിന് ശേഷം, ഗാസയിലേക്കുള്ള സാധനങ്ങള്‍ തങ്ങളുടെ പ്രദേശത്തു കൂടി കൊണ്ടുപോകാന്‍ ഇസ്രയേല്‍ അനുവദിച്ചിരുന്നില്ല. മാനുഷിക സഹായത്തിന്റെ പ്രവേശനം സുഗമമാക്കുന്നതിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഇസ്രയേലിന്റെ പാശ്ചാത്യ, അറബ് പങ്കാളികളില്‍ നിന്ന് നെതന്യാഹു ഭരണകൂടത്തിന് മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ട്.

ഇസ്രായേല്‍ ക്രമേണ രണ്ട് കാര്‍ഗോ ക്രോസിംഗുകള്‍ വീണ്ടും തുറക്കുകയും അതിര്‍ത്തിയില്‍ ഒരു പുതിയ ക്രോസിംഗ് നിര്‍മിക്കുകയും ചെയ്തു. തെക്കന്‍ തുറമുഖമായ അഷ്‌ദോദില്‍ നിന്ന് ഗാസയിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കുമെന്നും വ്യക്തമാക്കിയിരുന്നു. 40 കിലോമീറ്റര്‍ അകലെയുള്ള അഷ്‌ദോദില്‍ ട്രക്കുകളില്‍ സാധനങ്ങള്‍ എത്തിക്കുന്നതിന് എടുക്കുന്ന സമയം കുറയ്ക്കുന്നതിനാണ് ഗാസ അതിര്‍ത്തിയുടെ വടക്കന്‍ ഭാഗത്ത് ഒരു പുതിയ ക്രോസിംഗ് പോയിന്റ് നിര്‍മിക്കുന്നത്.ഇസ്രായേല്‍ ഗ്രാമമായ സികിമിനും പലസ്തീന്‍ ഗ്രാമമായ അസ്-സിയാഫയ്ക്കും ഇടയിലായിരിക്കും ക്രോസിംഗ് പോയിന്റ്. പുതിയ ക്രോസിംഗ് പോയിന്റ് ജോര്‍ദാനില്‍ നിന്ന് ഇസ്രായേലിന്റെ കിഴക്കോട്ട് കരയിലേക്ക് കൊണ്ടുവരുന്ന സഹായ സാമഗ്രികളുടെ വിതരണം വര്‍ദ്ധിപ്പിക്കുമെന്ന് ഗാലന്റ് പറഞ്ഞു.

 

 

Latest News