ഗാസയിലെ യുഎന്‍ സ്‌കൂളിന് നേരെയുണ്ടായ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 27ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ സ്‌കൂളില്‍ അഭയം തേടിയെത്തിയ ഗാസയിലുള്ളവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നസ്‌റത്ത് അഭയാര്‍ത്ഥി ക്യാംപിലെ സ്‌കൂളില്‍ ഇസ്രായേലിന്റെ രണ്ട് മിസൈലുകളാണ് പതിച്ചതെന്നാണ് റിപ്പോര്‍ട്ട്.
വ്യാഴാഴ്ച രാവിലെയോടെ പാലസ്തീനിലെ മാധ്യമ പ്രവര്‍ത്തകര്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളില്‍ ദേര്‍ അല്‍ ബലായിലെ അല്‍ അഖ്‌സ ആശുപത്രിയിലേക്ക് പരിക്കേറ്റവരുടേയും മരിച്ചവരുടെ മൃതദേഹങ്ങളുടെ നീണ്ട നിരയുടേയും വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. അതേസമയം ഇസ്രയേല്‍ സേനയുടെ പ്രസ്താവനയില്‍ ഹമാസ് കേന്ദ്രത്തില്‍ ആക്രമണം നടത്തിയെന്നാണ് വിശദമാക്കുന്നത്.
ഒക്ടോബര്‍ 7ന് നടന്ന ആക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേല്‍ സൈന്യം വിശദമാക്കുന്നത്. ഒക്ടോബറില്‍ ദക്ഷിണ ഇസ്രായേലിലുണ്ടായ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 251 പേരെ ബന്ധിയാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ 36580ലേറെ പേരാണ് കൊല്ലപ്പെട്ടത്. നസ്രത്തിലെ ആക്രമണത്തിന് മുന്‍പ് സാധാരണ ജനങ്ങള്‍ക്ക് അപകടമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതായാണ് ഇസ്രയേല്‍ സേന വിശദമാക്കുന്നത്.