Saturday, November 23, 2024

ഗാസയുടെ വടക്കുഭാഗത്ത് വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രായേല്‍

ഗാസയുടെ വടക്കുഭാഗത്ത് വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രായേല്‍. കിഴക്കന്‍ ജബലിയയില്‍ ശനിയാഴ്ച രാത്രിയില്‍ വ്യോമാക്രമണവും സ്ഫോടനവും നടത്തി. ഞായറാഴ്ച പുലര്‍ച്ചയോടെ കരയുദ്ധത്തിനൊരുങ്ങി ഇസ്രായേല്‍ ടാങ്കുകള്‍ ജബലിയയില്‍ എത്തി. ശനിയാഴ്ചത്തെ ആക്രമണത്തില്‍ 19 പേരാണ് കൊല്ലപ്പെട്ടത്. ഗാസയിലെ ആകെ മരണങ്ങള്‍ 35,034 ആയി ഉയര്‍ന്നു.

ഗാസാ സിറ്റിയുടെ കിഴക്കുള്ള അല്‍ സെയ്ത്തൂണിലും അല്‍ സാബ്രയിലുമാണ് ഇസ്രായേല്‍ ടാങ്കുകള്‍ വിന്യസിച്ചത്. ഗാസയിലെ ചരിത്രപരമായ എട്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ ഏറ്റവും വലുതാണ് ജബലിയയിലേത്. 1948 ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ അഭയാര്‍ഥികളായ പാലസ്തീന്‍കാരുടെ പിന്‍തലമുറക്കാരായ ഒരു ലക്ഷത്തിലേറെപ്പേരാണ് ഇവിടെ പാര്‍ക്കുന്നത്. വടക്കന്‍ ഗാസയില്‍ യുദ്ധം ശക്തമായിരുന്ന കാലത്ത് ഒട്ടേറെപ്പേര്‍ ഇവിടം വിട്ടുപോയിരുന്നു. യുദ്ധം ഏതാണ്ട് അവസാനിച്ചുവെന്ന ഇസ്രായേലിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് പലരും തിരിച്ചെത്തിയപ്പോഴാണ് വീണ്ടും ആക്രമണം.

അതേസമയം ജബലിയയില്‍ തിരിച്ചുവരുന്ന ഹമാസിനെ നേരിടുന്നതിനാണ് സൈനികനടപടിയെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ശിഥിലമായ സൈനിക ശേഷി അവര്‍ വീണ്ടെടുക്കുന്നത് തടയുകയുമാണ് ലക്ഷ്യമെന്നും ഇസ്രായേല്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചകളിലായി ജബലിയയില്‍ ഗാസാസിറ്റിയിലെ സയ്ത്തൂണ്‍ ജില്ലയില്‍ 30 ഹമാസുകാരെ വധിച്ചെന്ന് സേനാവക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു.

ജബലിയയില്‍ ആക്രമണം തുടങ്ങിയത് ഇവിടെനിന്ന് വീണ്ടും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണെന്ന് നാട്ടുകാരിലൊരാള്‍ പറഞ്ഞു. അതിനിടെ, മധ്യഗാസയിലെ നഗരമായ ഡെയ്ര് അല്‍ ബലായ്ക്കുചുറ്റും ഇസ്രയേല്‍സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. എന്നാല്‍, അധിനിവേശം ആരംഭിച്ചിട്ടില്ലെന്നാണ് വിവരം.

 

Latest News