ഇന്ത്യ – പാക്ക് സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിലും രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള തന്ത്രപരമായ ലക്ഷ്യത്തിനായി കുറഞ്ഞത് പത്ത് ഉപഗ്രഹങ്ങളെങ്കിലും തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്രോ) ചെയർമാൻ വി നാരായണൻ. ഇന്നലെ ഇംഫാലിൽ നടന്ന കേന്ദ്ര കാർഷിക സർവകലാശാലയുടെ (സി എ യു) അഞ്ചാമത് ബിരുദ ദാന ചടങ്ങിൽ പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കുറഞ്ഞത് പത്ത് ഉപഗ്രഹങ്ങളെങ്കിലും തുടർച്ചയായി 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ അയൽക്കാരെക്കുറിച്ച് നിങ്ങൾക്കെല്ലാവർക്കുമറിയാം. നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കണമെങ്കിൽ ഉപഗ്രഹങ്ങൾവഴി സേവനം നൽകണം. ഏഴായിരം കിലോമീറ്റർ കടൽത്തീര പ്രദേശങ്ങൾ നിരീക്ഷിക്കാനും വടക്കൻ ഭാഗം മുഴുവൻ തുടർച്ചയായി നിരീക്ഷിക്കാനും ഉപഗ്രഹ-ഡ്രോൺ സാങ്കേതികവിദ്യ ഇല്ലാതെ സാധിക്കില്ല” – ഇസ്രോ ചെയർമാൻ പറഞ്ഞു.