ഒരിടവേളയ്ക്ക് ശേഷം വീണ്ടും കേരളത്തില്‍ കോവിഡ് പിടിമുറുക്കിയിരിക്കുകയാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ 1492 കേസുകളില്‍ 1324 കേസുകളും കേരളത്തിലാണ് എന്നാണ് കണക്കുകള്‍. ഈ മാസം മാത്രം 9 പേരാണ് കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കില്‍ കൂടി ഗര്‍ഭിണികളും പ്രായമായവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
നിലവില്‍ പടര്‍ന്ന് പിടിക്കുന്നത് ഒമിക്രോണ്‍ BA.2.86 അഥവാ പൈറോളയുടെ ഉപവകഭേദമായ JN.1 ആണ്. ഈ വകഭേദത്തിന് വ്യാപന ശേഷി കൂടുതലും, രോഗപ്രതിരോധ ശേഷിയെ തകിടം മറിക്കാനുള്ള പ്രാപ്തി അധികവുമാണെന്ന് നാഷ്ണല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കൊവിഡ് ടാസ്ക് ഫോഴ്സ് കോ-ചെയര്മാന് പറയുന്നു. അതുകൊണ്ട് തന്നെ ഒരിക്കല്‍ കോവിഡ് വന്നവര്‍ക്കും, വാക്സിനെടുത്തവര്‍ക്കും ഇവ ബാധിക്കാം. കേരളത്തില്‍ തിരുവനന്തപുരത്താണ് JN.1 വകഭേദം സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങള്‍
പനി, മൂക്കൊലിപ്പ്, തൊണ്ടയില്‍ കരകരപ്പ്, തലവേദന എന്നിവയാണ് JN.1 വകഭേദത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ ഉദര പ്രശ്നങ്ങളും കാണപ്പെടുന്നുണ്ട്. മറ്റു ചിലര്‍ക്ക് ശ്വാസ തടസം, രുചിയും മണവും നഷ്ടപ്പെടുക പോലുള്ള ലക്ഷണങ്ങളും കണ്ടുവരുന്നു. ഈ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ മാസ്ക് ധരിക്കണമെന്ന് ഡോ. ഉജ്വല്‍ പ്രകാശ് പറയുന്നു. രോഗലക്ഷണങ്ങള്‍ മാറുന്നില്ലെങ്കില്‍ സ്വയം ഐസൊലേറ്റ് ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിരോധം
ആള്‍ക്കൂട്ടങ്ങളില്‍ പോകുമ്പോള്‍ മാസ്ക് ധരിക്കുന്നതാണ് ഉത്തമമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഒപ്പം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ, ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചോ വൃത്തിയായി സൂക്ഷിക്കണം. സാമൂഹിക അകലം പാലിക്കുന്നതും രോഗവ്യാപനം തടയാന്‍ സഹായിക്കും.