Wednesday, May 14, 2025

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കമല ഹാരിസിന്റെ പിന്തുണ വര്‍ധിക്കുന്നു; ട്രംപിന്റെ പിന്തുണയില്‍ ഇടിവ്

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പിന്തുണ വര്‍ധിക്കുന്നു. കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമല ഹാരിസിന്റെ പിന്തുണ എട്ട് ശതമാനം വര്‍ധിച്ചിട്ടുണ്ട്. അപ്രുവല്‍ റേറ്റിങ്ങില്‍ 43 ശതമാനം പേര്‍ കമലഹാരിസിന് അനുകൂലമായി വോട്ട് ചെയ്യുമ്പോള്‍ 42 ശതമാനം പേര്‍ എതിരാണ്. എ.ബി.സി ന്യൂസും ഇപ്‌സോസും ചേര്‍ന്ന് നടത്തിയ പോളിലാണ് ഇക്കാര്യം വ്യക്തമായത്.

കഴിഞ്ഞയാഴ്ച ഇതേ പോള്‍ പ്രകാരം കമല ഹാരിസിനെ 35 ശതമാനം പേരാണ് അനുകൂലിച്ചത്. 46 ശതമാനം എതിര്‍ക്കുകയും ചെയ്തു. പ്രത്യകിച്ച് രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിക്കാത്ത വോട്ടര്‍മാരുടെ പിന്തുണ കമല ഹാരിസിന് കൂടുതലായി കിട്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം വോട്ടര്‍മാരില്‍ 44 ശതമാനത്തിന്റെ പിന്തുണ കമല ഹാരിസിനാണ് കഴിഞ്ഞയാഴ്ച ഇത് 28 ശതമാനം മാത്രമായിരുന്നു.

അതേസമയം, ഡോണള്‍ഡ് ട്രംപിന്റെ പിന്തുണയില്‍ ഇടിവ് വന്നിട്ടുണ്ട്. നിലവില്‍ 36 ശതമാനം പേര്‍ മാത്രമാണ് ട്രംപിനെ പിന്തുണക്കുന്നത്. 53 ശതമാനം പേര്‍ ട്രംപിനെ എതിര്‍ക്കുകയും ചെയ്യുന്നു. കഴിഞ്ഞയാഴ്ച 40 ശതമാനം പേര്‍ ട്രംപിനെ പിന്തുണച്ച സ്ഥാനത്താണ് ഇപ്പോള്‍ ഇടിവുണ്ടായിരിക്കുന്നത്.

അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കമല ഹാരിസിന് വേണ്ടി 200 മില്യണ്‍ ഡോളര്‍ സ്വരൂപിച്ചുവെന്ന് അവരുടെ പ്രചാരണ വിഭാഗം അറിയിച്ചു. 1,70,000 പുതിയ വളണ്ടിയര്‍മാരും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കമല ഹാരിസിന്റെ പ്രചാരണ വിഭാഗം ഡെപ്യുട്ടി മാനേജര്‍ റോബ് ഫ്‌ലാഹര്‍ട്ടി പറഞ്ഞു.

 

Latest News