വർണാഭമായ പട്ടങ്ങൾ നിറഞ്ഞ ആകാശം. എവിടെയും പട്ടങ്ങൾ പറത്താനും അതിൽ സന്തോഷം കണ്ടെത്താനും ഒന്നിച്ചുകൂടുന്ന ആളുകൾ. കുട്ടികൾ മുതൽ പ്രൊഫഷണൽ ആളുകൾ വരെ ഇവിടെ പട്ടം പറത്തുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ്, ടുണീഷ്യ, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുക്കുന്ന കേപ് ടൌൺ ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവലിന്റെ വിശേഷങ്ങളാണ് ഇത്.
ദക്ഷിണാഫ്രിക്കയിൽ ഒക്ടോബർ മാനസികാരോഗ്യ മാസമാണ്. സൗജന്യ കൗൺസിലിംഗ് നൽകുന്ന സംഘടനയായ കേപ് മെന്റൽ ഹെൽത്തിന്റെ ഒരു പ്രധാന ധനസമാഹരണ മാർഗ്ഗമായി ആണ് ഈ ഫെസ്റ്റ് നടത്തപ്പെടുന്നത്. എത്ര വലിയ പട്ടങ്ങൾ ആയാലും അതിനെ ഒരു ചരടുകൊണ്ട് നിയന്ത്രിക്കാനാകും. ഇതുപോലെ തന്നെ ആണ് മാനസിക ആരോഗ്യവും. അതിനാൽ തന്നെയാണ് മാനസികാരോഗ്യത്തെ കുറിച്ചുള്ള അവബോധം പകരുന്നതിനായി കൈറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത് എന്ന് ഇതിന്റെ സംഘാടക ബാർബറ മേയർ വ്യക്തമാക്കി.
കേപ് ടൌൺ പ്രദേശത്ത് ആവശ്യമുള്ള ആർക്കും സൌജന്യ കൌൺസിലിംഗ് വാഗ്ദാനം ചെയ്യുന്ന ഒരു സംഘടനയാണ് കേപ്പ് മെന്റൽ ഹെൽത്ത്. കോവിഡ് സമയങ്ങളിൽ ധാരാളം ആളുകൾക്ക് മാനസികമായ പിന്തുണ നൽകാൻ ഈ സംഘടനയ്ക്ക് കഴിഞ്ഞു. “ആളുകൾക്ക് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു. ഒറ്റപ്പെടലിന്റെയും ലോക്ക്ഡൌണിന്റെയും പ്രശ്നം അതിനെ കൂടുതൽ വഷളാക്കി. ധാരാളം തൊഴിൽ നഷ്ടങ്ങളും ഉണ്ടായി, ധാരാളം ആളുകൾ വന്ന് സഹായം അഭ്യർത്ഥിച്ചു”- കോവിഡ് സമയത്തെ ആളുകളുടെ അവസ്ഥയെ കുറിച്ച് മേയർ പറയുന്നു.
ഇത്തരം അവസ്ഥകളിൽ നിന്ന് പുറത്തുവരാനും പട്ടം പോലെ പറന്നുയരാനുള്ള ആർജ്ജവം കൈവരിക്കാനുമാണ് ഇത്തരത്തിൽ അവബോധന പരിപാടി സംഘടിപ്പിക്കുന്നത് എന്ന് മേയർ വ്യക്തമാക്കി.