Sunday, November 24, 2024

പേരന്റിംഗ് ഈസിയാക്കാം ഈ മാര്‍ഗങ്ങളിലൂടെ

കുട്ടിക്കാലം മുതല്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ ഒരു കുട്ടിയുടെ ശാരീരികവും മാനസികവും വൈകാരികവും സാമൂഹികവും ബൗദ്ധികവുമായ വികസനത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് പേരന്റിംഗ് എന്നത്. ഓരോ കുട്ടിയും വളര്‍ന്നുവരുന്നതിനൊപ്പം പേരന്റിങ്ങിലെ സങ്കീര്‍ണതകളും കൂടിവരുന്നു എന്നത് വിസ്മരിക്കാനാകാത്ത യാഥാര്‍ഥ്യമാണ്.

നല്ല നിര്‍ദേശങ്ങളിലൂടെയും കരുതലിലൂടെയും കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളെയും ഗുണപരമായി മാറ്റിയെടുക്കാന്‍ നല്ല പേരന്റിങ്ങിലൂടെ സാധിക്കും. പേരന്റിംഗ് എന്നത് കാലാനുസൃതമായ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. ‘ശിക്ഷയല്ല; ശിക്ഷണമാണ് വേണ്ടത്’ എന്ന ആശയം ഉള്‍ക്കൊള്ളുന്ന പോസിറ്റിവ് പാരന്റിംഗാണ് പുതിയ കാലത്ത് സ്വീകാര്യമായിരിക്കുന്നത്.

കുട്ടികളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മനസ്സിലാക്കി സൗഹൃദത്തോടെ പേരന്റിംഗ് എങ്ങനെ ഈസിയാക്കാമെന്ന് നമുക്കു നോക്കാം.

1. കുട്ടികള്‍ക്കുണ്ടാക്കുന്ന നെഗറ്റീവ് ഫീലിങ്ങുകള്‍ക്കു (ദേഷ്യം, അസൂയ, സങ്കടം മുതലായവ) അവരെ വഴക്കു പറയുകയോ, ശിക്ഷിക്കുകയോ ചെയ്യരുത്.

2. കുട്ടികള്‍ക്കും അവര്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കിവേണം സംസാരിക്കാന്‍.

3. കുട്ടികളുടെ കഴിവുകളില്‍ തങ്ങള്‍ക്കുള്ള സംതൃപ്തി രക്ഷിതാക്കള്‍ കുട്ടികളെ അറിയിക്കണം.

4. കുട്ടികള്‍ സംസാരിക്കുമ്പോള്‍ ഇടയ്ക്കു കയറി പറയാതെ, അവരെ കേള്‍ക്കുക. അവരെ വ്യക്തമായി മനസ്സിലാക്കി മാത്രം അഭിപ്രായങ്ങള്‍ പറയുക.

5. കുട്ടികളുടെ നല്ല സുഹൃത്തുക്കളാകുക. കുട്ടികളുടെ മനസ്സില്‍ സൃഷ്ടിക്കുന്ന വിശ്വാസ്യതയാണ് മാതാപിതാക്കളെ ആശ്രയിക്കാനും ബഹുമാനിക്കാനും കുടുംബത്തോടു ചേര്‍ന്നുനില്‍ക്കാനും അവരെ പ്രാപ്തരാക്കുന്നത്.

6. പ്രോത്സാഹനപരമായ വാചകങ്ങള്‍ കുട്ടികളോടു പറയുക. ഉദാ: എനിക്കെന്റെ കുഞ്ഞിനെ മനസ്സിലാവും, എനിക്ക് നിന്റെ കൂടെ ഇരിക്കാന്‍ ഒരുപാട് ഇഷ്ടമാണ് തുടങ്ങിയ കാര്യങ്ങള്‍ ഇടയ്ക്കിടെ കുട്ടിയോടു പറയാം.

7. കുട്ടികള്‍ ഏറ്റവും നല്ല പെരുമാറ്റ ശീലങ്ങള്‍ ആര്‍ജ്ജിച്ചെടുക്കുന്നത് ചുറ്റുപാടുകളെ നിരീക്ഷിച്ചിട്ടാണ്; പ്രത്യേകിച്ച്, കുട്ടി ബഹുമാനിക്കുന്നവരുടെ പെരുമാറ്റങ്ങള്‍. നാം പറയുന്നതിനേക്കാള്‍ നാം ചെയ്യുന്നതാണ് കുട്ടികള്‍ ശീലിക്കുക. അതുകൊണ്ടുതന്നെ നമ്മില്‍ നല്ല ശീലങ്ങള്‍ ഉണ്ടായിരിക്കണം.

8. തെറ്റു കണ്ടാല്‍ കുട്ടികളെ തിരുത്തുക. ആളുകളുടെ മുമ്പില്‍വച്ച് വഴക്കു പറയുകയോ, ശിക്ഷിക്കുകയോ, ഉപദേശിക്കുകയോ ചെയ്യാതിരിക്കുക. എന്നാല്‍ തടയേണ്ടത് തടയുക. ചാടിക്കയറി പ്രതികരിക്കാതെ ഇരിക്കുക.

9. കുട്ടികളിലേക്ക് പോസിറ്റിവിറ്റി കൊണ്ടുവരിക. കുട്ടികളുടെ താല്പര്യങ്ങള്‍ രക്ഷിതാക്കള്‍ അറിഞ്ഞിരിക്കുക എന്നത് ഒരു പ്രധാനഘടകമാണ്. അത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും പരിമിതികള്‍ മറികടക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യും.

10. കുട്ടികളുടെ വികാരങ്ങള്‍ മനസിലാക്കുകയും മാനിക്കുകയും ചെയ്യുന്നതുപോലെ നമ്മുടെ വികാരങ്ങളും അവരോട് തുറന്നുപറയുക. ഉള്ളില്‍ ഒന്നുവച്ച് പുറത്ത് മറ്റൊന്നു കാണിക്കാതിരിക്കുക. മാതാപിതാക്കളുടെ സങ്കടവും വേദനയും കുട്ടികള്‍ക്ക് ദോഷമായി ബാധിക്കാത്ത വിധത്തില്‍ അവരോട് പങ്കുവയ്ക്കാന്‍ സാധിക്കണം.

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പേരന്റിംഗ് ഒരുപരിധി വരെ നമുക്ക് ഈസിയാക്കാം. ഇതുകൂടാതെ, ഓരോ കുഞ്ഞിനെയും ദൈവം നമ്മെ ഏല്പിക്കുമ്പോള്‍ അവരെ ജ്ഞാനത്തോടെയും വിവേകത്തോടെയും വളര്‍ത്താനുള്ള കൃപയ്ക്കായി ദൈവത്തോടു പ്രാര്‍ഥിക്കാം.

റ്റിന്റു തോമസ്

Latest News