Saturday, November 23, 2024

ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്ക് വ്യത്യസ്ത ശിക്ഷാരീതിയുമായി മധ്യപ്രദേശ് പോലീസ്

എത്ര ബോധവല്‍ക്കരണം നടന്നാലും റോഡില്‍ നിയമം പാലിക്കാത്തവര്‍ ധാരാളമുണ്ട്. നിയമം ലംഘിക്കുന്നവരെ നേര്‍വഴിക്ക് നയിക്കാന്‍ മധ്യപ്രദേശിലെ ട്രാഫിക് പോലീസ് വ്യത്യസ്തമായ ഒരു വഴി കണ്ടുപിടിച്ചിരിക്കുകയാണ്.

മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ട്രാഫിക് പോലീസ് അല്‍പം സര്‍ഗാത്മകമായ രീതിയിലാണ് റോഡിലെ നിയമലംഘകര്‍ക്ക് ശിക്ഷ നല്‍കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളെ അച്ചടക്കം പഠിപ്പിക്കുന്ന അധ്യാപകരെ പോലെയാണ് അവര്‍ പെരുമാറുന്നത്. പിഴ അടപ്പിച്ചാലും നിയമം ലംഘിക്കുന്നവര്‍ അത് ആവര്‍ത്തിക്കുന്നതായി ട്രാഫിക് പോലീസുകാര്‍ക്ക് മനസ്സിലായതോടെയാണ് ഒന്ന് മാറ്റിപ്പിടിക്കാന്‍ അവര്‍ തീരുമാനിച്ചത്.

ട്രാഫിക് നിയമം തെറ്റിക്കുന്നവരെക്കൊണ്ട് 100 തവണ ഇംപോസിഷന്‍ എഴുതിപ്പിക്കുകയാണ് ട്രാഫിക് പോലീസ് ചെയ്തത്. നിയമലംഘനത്തിന് പിഴ വേണ്ട, പകരം ”തെറ്റായ സൈഡിലൂടെ ഇനി വണ്ടി ഓടിക്കില്ല” എന്ന് 100 തവണ എഴുതിയാല്‍ മതിയെന്ന് പോലീസ് പറയും.

ഈ പുതിയ ശിക്ഷാരീതി നിയമം ലംഘിക്കുന്നവരുടെ എണ്ണം കുറയ്ക്കുമെന്നാണ് ട്രാഫിക് പോലീസ് കരുതുന്നത്. കാരണം സ്‌കൂളില്‍ എഴുതിയത് പോലെ ഈ മുതിര്‍ന്ന പ്രായത്തില്‍ എഴുതി നാണം കെടാന്‍ ആളുകള്‍ക്ക് മടിയുണ്ടാവുമെന്ന് ഉറപ്പാണ്.

ഏപ്രില്‍ 2 മുതലാണ് ബുര്‍ഹാന്‍പുര്‍ ട്രാഫിക് പോലീസ് ഈ വ്യത്യസ്തമായ ട്രാഫിക് പോലീസ് നിയമം ആരംഭിച്ചത്. ഏപ്രില്‍ 5നുള്ളില്‍ ഇതുവരെ 30 പേരാണ് തെറ്റായ സൈഡിലൂടെ വണ്ടി ഓടിച്ച് വന്നത്. ഇവരെ കൊണ്ടെല്ലാം ഇനി നിയമം ലംഘിക്കില്ലെന്ന് എഴുതിപ്പിച്ച് വിടുകയാണ് പോലീസ് ചെയ്തത്. ഡ്രൈവര്‍മാര്‍ ഇങ്ങനെ മാപ്പെഴുതി കൊടുക്കുന്നത് കാണുമ്പോള്‍ മറ്റുള്ളവര്‍ക്കും ഇതാണ് ശരിയായ ശിക്ഷാരീതിയെന്ന് അഭിപ്രായമുണ്ട്. തങ്ങളുടെ പുതിയ പരിഷ്‌കാരം വിജയം കാണുന്നുണ്ടെന്ന് തന്നെയാണ് പോലീസുകാരുടെ വിശ്വാസം.

 

 

 

Latest News