ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കന്‍ഭാഗത്തു നടന്ന അക്രമസംഭവങ്ങളില്‍ ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ക്രൈസ്തവരായിരുന്നെന്നും അവര്‍ വിശ്വാസത്തെപ്രതിയാണ് കൊല്ലപ്പെട്ടതെന്നും ഞായറാഴ്ച, സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍വച്ചു നടന്ന ആഞ്ചലൂസ് പ്രാര്‍ഥനയില്‍ പാപ്പ അനുസ്മരിച്ചു.
‘ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കന്‍ഭാഗത്ത്, സംഘര്‍ഷങ്ങളെയും കൂട്ടക്കൊലകളെയുംകുറിച്ച് വേദനാജനകമായ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അക്രമം തടയുന്നതിനും സാധാരണക്കാരുടെ ജീവന്‍ സംരക്ഷിക്കുന്നതിനും സാധ്യമായതെല്ലാം ചെയ്യണമെന്ന് ദേശീയ അധികാരികളോടും അന്താരാഷ്ട്രസമൂഹത്തോടുമുള്ള എന്റെ അഭ്യര്‍ഥന ഞാന്‍ ആവര്‍ത്തിക്കുന്നു’ – പാപ്പ പറഞ്ഞു.
കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ പട്ടണങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റിനോടു കൂറുപുലര്‍ത്തുന്ന തീവ്രവാദ സംഘടനയായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എ.ഡി.എഫ്) അടുത്തിടെ നടത്തിയ ആക്രമണങ്ങളുടെ ഒരു പരമ്പരയെത്തുടര്‍ന്ന് 80-ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഇരകളില്‍ പലരും തങ്ങളുടെ വിശ്വാസത്തെപ്രതി കൊല്ലപ്പെട്ട ക്രിസ്ത്യാനികളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ‘അവര്‍ രക്തസാക്ഷികളാണ്. അവന്റെ ത്യാഗം, മുളച്ച് ഫലം കായ്ക്കുന്ന ഒരു വിത്താണ്. ധൈര്യത്തോടും സ്ഥിരതയോടുംകൂടി സുവിശേഷത്തിനു സാക്ഷ്യംവഹിക്കാന്‍ അത് നമ്മെ പഠിപ്പിക്കുന്നു’ – പാപ്പ പറഞ്ഞു.
തുടര്‍ന്ന്, ഉക്രൈനിലും വിശുദ്ധനാട്ടിലും സുഡാനിലും മ്യാന്മറിലും യുദ്ധം നിമിത്തം ആളുകള്‍ ദുരിതമനുഭവിക്കുന്നിടത്തും സമാധാനത്തിനായി പ്രാര്‍ഥിക്കുന്നത് നിര്‍ത്തരുതെന്ന് പരിശുദ്ധ പിതാവ് വിശ്വാസികളോട് ആഹ്വാനംചെയ്തു.