അമേരിക്കന്‍ പൗരാവകാശ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ പ്രധാന നേതാക്കളില്‍ ഒരാളാണ് മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍. തന്റെ ആക്ടിവിസത്തിലൂടെയും പ്രചോദനാത്മകമായ പ്രസംഗങ്ങളിലൂടെയും, അമേരിക്കയിലെ ആഫ്രിക്കന്‍-അമേരിക്കന്‍ പൗരന്മാരുടെ നിയമപരമായ വേര്‍തിരിവ് അവസാനിപ്പിക്കുന്നതിലും 1964 ലെ പൗരാവകാശ നിയമവും 1965 ലെ വോട്ടവകാശ നിയമവും സൃഷ്ടിക്കുന്നതിലും അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു. 1964 ല്‍ സമാധാനത്തിനുള്ള നോബലിലൂടെ, നോബല്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായും അദ്ദേഹം മാറി. ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ളതും പ്രചോദനാത്മകവുമായ ആഫ്രിക്കന്‍-അമേരിക്കന്‍ നേതാക്കളില്‍ ഒരാളായി അദ്ദേഹം ഓര്‍മിക്കപ്പെടുന്നു.
1929 ജനുവരി 15 ന് ജോര്‍ജിയയിലെ അറ്റ്ലാന്റയില്‍ ആണ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ ജനിച്ചത്. ഒരു പാസ്റ്ററായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് സീനിയര്‍, മുന്‍ സ്‌കൂള്‍ അധ്യാപികയായ ആല്‍ബര്‍ട്ട വില്യംസ് കിംഗ് എന്നിവരുടെ മകനായിട്ടാണ് അദ്ദേഹം ജനിച്ചത്. പ്രതിഭാധനനായ വിദ്യാര്‍ത്ഥിയായ കിംഗ് പതിനഞ്ചാമത്തെ വയസ്സില്‍ മോര്‍ഹൗസ് കോളേജില്‍ ചേര്‍ന്നു. അവിടെ അദ്ദേഹം വൈദ്യവും നിയമവും പഠിച്ചു. 1948 ല്‍ ബിരുദം നേടിയ ശേഷം കിംഗ് പെന്‍സില്‍വാനിയയിലെ ക്രോസര്‍ തിയോളജിക്കല്‍ സെമിനാരിയില്‍ പ്രവേശിച്ചു.
അവിടെവെച്ച് മഹാത്മാഗാന്ധിയുടെ അഹിംസ തത്വശാസ്ത്രം പരിചയപ്പെട്ട അദ്ദേഹം ഡിവൈനിറ്റിയില്‍ ബിരുദവും നേടി. 1953ല്‍ തന്റെ ഇരുപത്തി നാലാമത്തെ വയസ്സില്‍ അദ്ദേഹം അലബാമ സംസ്ഥാനത്തിലെ മോണ്ട്ഗോമറിയിലെ ഡെക്സ്റ്റര്‍ അവന്യൂ ബാപ്റ്റിസ്റ്റ് പള്ളിയില്‍ പാസ്റ്ററായി. വിദ്യാഭ്യാസകാലത്ത് മുഴുവനും നേരിട്ടത് അവകാശനിഷേധങ്ങളായിരുന്നു. കറുത്തവര്‍ക്കായുള്ള സ്‌കൂളില്‍ വിദ്യാഭ്യാസം, വെള്ളക്കാര്‍ക്കായി സൗകര്യങ്ങള്‍ വിട്ടുനല്‍കല്‍ തുടങ്ങി മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറും വംശവെറിയെന്തെന്നറിഞ്ഞാണു വളര്‍ന്നത്. ഇരുപതാം നൂറ്റാണ്ടില്‍ ലോകമെങ്ങും കത്തിപ്പടര്‍ന്ന പൗരാവകാശ പ്രക്ഷോഭങ്ങള്‍ക്ക് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ചെലുത്തിയ സ്വാധീനം ചെറുതല്ല.
മോണ്ട് ഗോമെറി ബസ് ബോയ്‌ക്കോട്ടിംഗ്
അമേരിക്കയില്‍ ലൈന്‍ ബസുകളില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്കും വെളുത്തവര്‍ഗക്കാര്‍ക്കും വെവ്വേറെ സീറ്റുകളുണ്ടായിരുന്നു. ഒരു ദിവസം അമേരിക്കയിലെ അലബാമയില്‍ റോസാ പാര്‍ക്സ് എന്ന കറുത്ത വര്‍ഗ്ഗക്കാരി വെളുത്തവര്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റില്‍ ഇരിക്കുന്നു. ഒരു വെളുത്ത വര്‍ഗക്കാരന്‍ വന്ന് അവരോട് എഴുന്നേറ്റുകൊടുക്കാന്‍ ആവശ്യപ്പെടുന്നു. അതിനുവിസമ്മതിക്കുന്ന അവരെ അടുത്ത സ്റ്റോപ്പില്‍ വെച്ച് പൊലീസ് അറസ്റ്റുചെയ്യുന്നു.
ഏറെ ജനരോഷത്തിനിടയാക്കിയ ആ സംഭവത്തെത്തുടര്‍ന്ന് അലബാമയിലെ കറുത്തവര്‍ഗ്ഗക്കാര്‍ ഐതിഹാസികമായ ഒരു ബഹിഷ്‌കരണ സമരം തുടങ്ങുന്നു. ഒരൊറ്റ കറുത്തവര്‍ഗക്കാരനും പ്രദേശത്തെ ബസ് സംവിധാനം ഉപയോഗിക്കില്ല എന്നതായിരുന്നു തീരുമാനം. 381 ദിവസം നീണ്ടുനിന്ന ആ സമരത്തിന് പിന്നില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗായിരുന്നു. അദ്ദേഹത്തിനുള്ള പ്രചോദനമാവട്ടെ ഇന്ത്യയില്‍ ഗാന്ധിജി നടപ്പിലാക്കി വിജയിച്ച സമര രീതികളും. എന്തായാലും സമരം വിജയിച്ചു. ആ വേര്‍തിരിവ് സര്‍ക്കാര്‍ എടുത്തുകളഞ്ഞു.
എനിക്കൊരു സ്വപ്നമുണ്ട്
1963 ആഗസ്റ്റ് 28നു മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ നടത്തിയ വിഖ്യാതമായ പ്രസംഗമാണ് എനിക്കൊരു സ്വപ്നമുണ്ട് എന്നത്. എബ്രഹാം ലിങ്കന്റെ സ്മാരകത്തിന്റെ പടികളില്‍ നിന്നുകൊണ്ടായിരുന്നു ആ ഐതിഹാസിക പ്രസംഗം. കറുത്തവര്‍ക്കും വെളുത്തവര്‍ക്കുമിടയില്‍ നിലനിന്നിരുന്ന സാമൂഹിക അസമത്വത്തിനും കറുത്ത വര്‍ഗ്ഗക്കാരോടുള്ള അവഗണനയ്ക്കും അവഹേളനത്തിനുമെതിരേ പൗരാവകാശങ്ങള്‍ക്കായി അമേരിക്കയിലെ ‘അമേരിക്കന്‍ സിവില്‍റൈറ്റ്‌സ് മൂവ്മെന്റ്’ സംഘടിപ്പിച്ച വാഷിങ്ടണ്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു കൊണ്ടാണ് മാര്‍ട്ടിന്‍ ലൂഥര്‍ എന്ന മുപ്പത്തിനാലുകാരന്‍ ഈ വിശ്വപ്രസിദ്ധമായ പ്രസംഗം നടത്തിയത്.
‘മനുഷ്യന്‍ അവന്റെ തൊലിയുടെ നിറമനുസരിച്ചല്ലാതെ അവന്റെ സ്വഭാവസവിശേഷത കൊണ്ട് അളക്കപ്പെടുന്ന ഒരു കാലത്തെയാണ് ഞാന്‍ സ്വപ്നം കാണുന്നത്. അടിച്ചമര്‍ത്തപ്പെട്ട ജനം എന്നും അടിച്ചമര്‍ത്തപ്പെട്ടവരായിരിക്കില്ല. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുറവിളി അത് ഫലപ്രാപ്തിയിലെത്തുക തന്നെ ചെയ്യും’. വര്‍ണവെറി ഇന്നും അടങ്ങാത്ത ഭൂമുഖത്ത് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ വാക്കുകള്‍ എക്കാലവും വാള്‍ മൂര്‍ച്ചയോടെ ആഴ്ന്നിറങ്ങുന്നു.
മരണം
1968 ഏപ്രില്‍ 4 ന്, തന്റെ 39 ാം വയസ്സില്‍ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് കൊല്ലപ്പെട്ടു. ലോറന്‍ മോട്ടലിലെ തന്റെ മുറിക്ക് പുറത്ത് ഒരു ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോള്‍, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയറുടെ ശരീരത്തില്‍ വര്‍ണ്ണവെറിയനും വെള്ളക്കാരനുമായ ഒരുവന്റെ ബുള്ളറ്റ് തുളച്ച് കയറുകയായിരുന്നു. ജയിംസ് ഏള്‍ റേ എന്ന കുറ്റവാളിയായിരുന്നു അദ്ദേഹത്തെ വെടി വെച്ചത്. തുടര്‍ന്ന് ലണ്ടനിലേക്ക് ഒളിച്ചു കടന്ന ഇയാള്‍ ബ്രസല്‍സിലേക്ക് ഒളിച്ചുകടക്കാന്‍ ശ്രമിക്കുമ്പോള്‍ പിടിക്കപ്പെടുകയാണുണ്ടായത്. കുറ്റസമ്മതം നടത്തിയ ഇയാള്‍ക്ക് 99 വര്‍ഷത്തെ തടവാണ് ശിക്ഷ വിധിക്കപ്പെട്ടത്. കിംഗിന്റെ മരണത്തിലൂടെ ലോകജനതയ്ക്ക് നഷ്ടപ്പെട്ടത് തികഞ്ഞ ഒരു മനുഷ്യസ്നേഹിയെ ആയിരുന്നു.
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ദിനം
ജനുവരി 17- മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ദിനമാണ്. 1929 ജനുവരി 15 ആണ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ ജനനം. എല്ലാ വര്‍ഷവും ജനുവരി 15-നോട് അടുത്തുള്ള ഒരു തിങ്കളാഴ്ച അമേരിക്കന്‍ ജനത മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ദിനമായി ആചരിക്കുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനോടുള്ള ബഹുമാനാര്‍ത്ഥം അമേരിക്കന്‍ ഐക്യരാഷ്ട്രങ്ങള്‍ക്ക് ഒരു ദിവസം അവധി കൊടുക്കാനുള്ള തീരുമാനം 1983ലാണ് ഉണ്ടായത്. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് റൈഗന്‍ ബില്ലില്‍ ഒപ്പു വച്ചു. ആദ്യത്തെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ദിനം 1986 ജനുവരി 20 നായിരുന്നു. 1993 ജനുവരി 18ന് അമേരിക്കന്‍ രാഷ്ട്രങ്ങള്‍ ഔദ്യോഗികമായി മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ദിനം ആചരിച്ചു.