Sunday, November 24, 2024

ഗാസ-ഇസ്രായേല്‍ സംഘര്‍ഷം; കാമ്പസ് പ്രതിഷേധം വ്യാപകമായതോടെ കൂട്ട അറസ്റ്റ്

ഗാസയിലെ യുദ്ധത്തിനെതിരായ പ്രതിഷേധം കൊളംബിയ, യേല്‍ എന്നിവിടങ്ങളില്‍ നിന്ന് മറ്റ് യുഎസ് സര്‍വ്വകലാശാലകളിലേക്കും വ്യാപിച്ചതോടെ കാമ്പസുകളിലെ പ്രതിഷേധ പ്രകടനങ്ങളെ ശമിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണ്. തിങ്കളാഴ്ച രാത്രി, ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിച്ച പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

യേല്‍ യൂണിവേഴ്‌സിറ്റയിലെ ഡസന്‍ കണക്കിന് വിദ്യാര്‍ത്ഥികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊളംബിയ യൂണിവേഴ്‌സിറ്റി ഇന്‍-പേഴ്സണ്‍ ക്ലാസുകളും റദ്ദാക്കി. ബെര്‍ക്ക്ലിയിലും എംഐടിയിലും രാജ്യത്തുടനീളമുള്ള മറ്റ് മികച്ച കോളേജുകളിലും സമാനമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

ഒക്ടോബര്‍ 7 ന് ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രായേല്‍-ഗാസ യുദ്ധത്തെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും പ്രകടനങ്ങളും ചൂടേറിയ സംവാദങ്ങളും യുഎസ് കാമ്പസുകളെ ഇളക്കിമറിച്ചു. യുഎസില്‍, അന്നുമുതല്‍ യഹൂദവിരുദ്ധവും ഇസ്ലാമോഫോബിയപരവുമായ സംഭവങ്ങളില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ഇരുവശത്തുമുള്ള വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ക്യാമ്പസ് പ്രതിഷേധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ‘സെമിറ്റിക് വിരുദ്ധ പ്രതിഷേധങ്ങളെയും’ ‘പലസ്തീനികള്‍ക്കിടയില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാത്തവരെയും’ താന്‍ അപലപിക്കുന്നുവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ന്യൂയോര്‍ക്ക് സിറ്റി പോലീസിനെ കൊളംബിയ യൂണിവേഴ്സിറ്റി കാമ്പസിലേക്ക് വിളിച്ചുവരുത്തി 100-ലധികം പ്രകടനക്കാരെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് ക്യാമ്പസ് പ്രതിഷേധ പ്രസ്ഥാനം ശ്രദ്ധിക്കപ്പെട്ടത്. ക്ലാസുകള്‍ പതിവുപോലെ നടക്കുമെന്നും സ്വന്തം അജണ്ടകള്‍ നടപ്പിലാക്കാന്‍ കാമ്പസിലെത്തിയ, കൊളംബിയയുമായി ബന്ധമില്ലാത്ത വ്യക്തികള്‍ കാമ്പസിലെ പിരിമുറുക്കങ്ങള്‍ ചൂഷണം ചെയ്യുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയാണെന്ന് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ.ഷഫീക്ക് പറഞ്ഞു.

ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാല, മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി), യൂണിവേഴ്സിറ്റി ഓഫ് മിഷിഗണ്‍, എമേഴ്സണ്‍ കോളേജ്, ടഫ്റ്റ്സ് എന്നിവിടങ്ങളിലും പ്രതിഷേധ ക്യാമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പലയിടത്തും യഹൂദ വിരുദ്ധ സംഭവങ്ങള്‍ അരങ്ങേറുന്നതായും ഇസ്രായേലിനെ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തിന് കൊളംബിയയ്ക്ക് സമീപം ചില പ്രതിഷേധക്കാര്‍ പിന്തുണ അറിയിച്ചതായും ചില ഓണ്‍ലൈന്‍ വീഡിയോകള്‍ വ്യക്തമാക്കുന്നു. ജൂത വിദ്യാര്‍ത്ഥികളെ അധിക്ഷേപിക്കുന്നതിന്റെ തെളിവുകളും പുറത്തുവരുന്നുണ്ട്.

ജൂത വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാലയില്‍ സുരക്ഷിതത്വം ഉണ്ടെന്ന് ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കൊളംബിയ വലിയ വില നല്‍കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് അംഗം ഗോഥൈമര്‍ പറഞ്ഞു.

ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലില്‍ നടന്ന ആക്രമണത്തില്‍ ഏകദേശം 1,200 ഇസ്രായേലികളും വിദേശികളും – കൂടുതലും സാധാരണക്കാര്‍ – കൊല്ലപ്പെടുകയും 253 പേരെ ബന്ദികളാക്കി ഗാസയിലേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്തിരുന്നു. ഹമാസിനെ തകര്‍ക്കുക, ബന്ദികളാക്കിയവരെ മോചിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ഗാസയില്‍ തങ്ങളുടെ എക്കാലത്തെയും തീവ്രമായ യുദ്ധം ആരംഭിച്ചുകൊണ്ടാണ് ഇസ്രായേല്‍ പ്രതികരിച്ചത്.

 

 

Latest News