Sunday, November 24, 2024

മധ്യസ്ഥ ശ്രമം: ഗാസയില്‍ വെടിനിര്‍ത്തലും ബന്ദി കൈമാറ്റവും സാധ്യമാകുമെന്ന് പ്രതീക്ഷ

മധ്യസ്ഥ ശ്രമങ്ങള്‍ക്കിടെ ഗാസയില്‍ വെടിനിര്‍ത്തലും ബന്ദി കൈമാറ്റവും സാധ്യമാകുമെന്ന പ്രതീക്ഷയില്‍ രാജ്യങ്ങള്‍. സൗദിയിലെ റിയാദില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ തിങ്കളാഴ്ച പാലസ്തീന്‍ വിഷയത്തില്‍ പ്രത്യേക ചര്‍ച്ച നടന്നിരുന്നു. സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അധ്യക്ഷതവഹിച്ച ചടങ്ങിലായിരുന്നു ചര്‍ച്ച.

ഗാസയില്‍ അക്രമം വ്യാപിക്കുന്നത് വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും യുദ്ധാനന്തരം ഗാസ പുനര്‍നിര്‍മാണത്തിന് 30 വര്‍ഷം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം റാഫയില്‍ ഇസ്രായേല്‍ കരയാക്രമണം നടത്തുമെന്ന് കരുതുന്നില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ ഉദാരമായ കരാറാണ് വാഗ്ദാനം ചെയ്തതെന്നും ഹമാസ് ഇത് അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേലുമായി അയല്‍രാജ്യങ്ങള്‍ ബന്ധം സ്ഥാപിക്കണമെന്നും പാലസ്തീനികള്‍ക്ക് സ്വന്തം രാജ്യവും വേണമെന്ന് ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു.

പാലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ, ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി, ഈജിപ്റ്റ് പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി, ജോര്‍ഡന്‍ പ്രധാനമന്ത്രി ബിഷര്‍ ഹാനി അല്‍ ഖസൗനീഹ് തുടങ്ങിയവര്‍ സംസാരിച്ചു. അതിനിടെ ഇസ്രായേല്‍ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഹമാസ് നേതാക്കള്‍ ഈജിപ്തിലെ കെയ്റോയിലെത്തി. അവര്‍ ഇന്ന് പ്രതികരണം അറിയിച്ചേക്കും.

20 ബന്ദികളെ കൈമാറുന്നതിന് പകരമായി ആറാഴ്ച വെടിനിര്‍ത്താമെന്ന നിര്‍ദേശം ഇസ്രായേല്‍ മുന്നോട്ടുവെക്കുമ്പോള്‍ സ്ഥിരമായ വെടിനിര്‍ത്തലും ഗാസയില്‍ നിന്ന് സേനാ പിന്മാറ്റവുമാണ് ഹമാസ് ആവശ്യപ്പെടുന്നത്.

 

Latest News