Saturday, November 23, 2024

റൊണാൾഡോയോ നെയ്മറോ

ലോകം മുഴുവൻ ആരാധകരുള്ള സൂപ്പർ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാൾഡോയും നെയ്മറും കളിക്കളത്തിനു പുറത്തും നമുക്ക് പ്രിയങ്കരരാണ്. കളിക്കളത്തിലെ സമ്മർദ്ദങ്ങൾ അവരിരുവരും അതിജീവിക്കുന്ന രീതിയെ ആസ്പദമാക്കി ബെൽജിയം കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് ലുവനും ഡാറ്റാ ഇന്റലിജൻസ് കമ്പനിയായ എസ്സിഐ സ്‌പോർട്‌സും സംയുക്തമായി ഒരു പഠനം നടത്തുകയുണ്ടായി. അത് പ്രകാരം കടുത്ത സമ്മർദങ്ങൾ പ്രതിരോധിക്കാനുള്ള ശേഷി റൊണാൾഡോയ്ക്കുണ്ടെന്നാണ് കണ്ടെത്തിയത്. മറുവശത്തു പി.എസ്.ജിയുടെ ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ഈ കാര്യത്തിൽ ഏറെ പിന്നിലാണെന്ന് പറയുന്നു.

സമ്മർദ്ദങ്ങളെ കൂസാതെ ഏത് പ്രതിസന്ധി ഘട്ടത്തിലും കുലുങ്ങാതെ നിൽക്കുന്ന ക്യാപ്റ്റൻ കൂൾ എന്ന വിശേഷണം ലഭിച്ചിട്ടുള്ള ആളാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി എന്നാൽ മറ്റുള്ളവരെ പോലെ തന്നെ പേടിയും സമ്മർദ്ദവും താനും അനുഭവിച്ചിട്ടുണ്ടെന്നു ധോണി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

കളിക്കിടയിലെ സമ്മർദ ഘട്ടങ്ങളെ അതിജീവിക്കാൻ കഴിയുമ്പോഴാണ് ആരാധകരുടെ പ്രതീക്ഷക്കൊത്തു ഒരു താരത്തിന് ഉയരാൻ കഴിയുക.

കളിക്കളത്തിൽ മാത്രമല്ല വ്യക്തി, കുടുംബ സാമൂഹ്യ ജീവിതങ്ങളിലെല്ലാം സമ്മർദ്ദങ്ങൾ ഏറെ അനുഭവിക്കേണ്ടി വരുന്നവരാണ് നാം. മിതമായ അളവിലുള്ള പിരിമുറുക്കങ്ങൾ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്‌ വെല്ലുവിളിയാവില്ല. വിവിധ തരത്തിലുള്ള മത്സരങ്ങളിലും പരീക്ഷകളിലുമൊക്കെ ചിലർക്ക് നല്ല പ്രകടനം കാഴ്ചവയ്ക്കുന്നതിന് അത് സഹായകമാവുകയും ചെയ്‌തേക്കാം. ഉദാഹരണത്തിനു നാളെ പരീക്ഷയാണ് എന്ന ചിന്ത നമ്മെ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവരാക്കി മാറ്റുകയും കൂടുതൽ ചിട്ടയോടെയുള്ള മുന്നൊരുക്കങ്ങൾ നടത്താനും സഹായിക്കും. എന്നാൽ പരിമുറുക്കം കൂടുകയാണെങ്കിൽ, അത്‌ കൂടുതൽ സമയം നിലനിൽക്കുന്നതാണെങ്കിൽ അത്‌ നിങ്ങളുടെ ആരോഗ്യത്തെ മോശമായ രീതിയിൽ ബാധിക്കും.

നിരന്തരമായ മാനസിക സമ്മർദങ്ങൾ ശാരീരികവും മാനസികവുമായ നിരവധി പ്രശ്നങ്ങൾ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. തലവേദന, ഉന്മേഷമില്ലായ്മ, തോളിലും കഴുത്തിലും പുറത്തുമുള്ള വേദന, തൊണ്ടവരളുക, ഉറക്കക്കുറവ്, നെഞ്ചിന് ഭാരം, മനംപിരട്ടൽ, വയറ്റിൽ അസ്വസ്ഥത,നെഞ്ചിടിപ്പ്, ലൈംഗികപ്രശ്നങ്ങൾ തുടങ്ങിയ ശാരീരികപ്രശ്നങ്ങൾക്ക് പിറകിൽ വ്യക്തി അനുഭവിക്കുന്ന മാനസിക സമ്മർദങ്ങളായിരിക്കാൻ സാധ്യതയുണ്ട്. ചിലരിലെങ്കിലും ഇതു ഗുരുതരമായ മാനസിക പ്രശ്നങ്ങൾക്ക് വഴിവെക്കും.

എങ്ങനെ അതിജീവിക്കാം

ആശങ്കകളും ഉത്കണ്ഠകളുമെല്ലാം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് ആദ്യമേ തന്നെ നമുക്ക് വേണം. അതുകൊണ്ടുതന്നെ അമിതമായി ഇത്തരം വികാരങ്ങളുടെ പിറകെ പോകാതെ നമ്മുടെ മുന്നിലുള്ള പ്രതിസന്ധികളെ നേരിടാനുള്ള ശക്തിയാർജിക്കുകയാണ് വേണ്ടത്. കൃത്യസമയങ്ങളിൽ ആവശ്യത്തിന് ഉറങ്ങാൻ ശ്രമിക്കുകയാണ് മാനസികവും ശാരീരികവുമായാ സമ്മർദ്ദത്തെ അതിജീവിക്കുവാനുള്ള പ്രാഥമീകമായ മാർഗം. ഉറക്കത്തിനുമുമ്പ് മൊബൈൽ ഫോൺ, ടി.വി, കമ്പ്യൂട്ടർ തുടങ്ങിയവയുടെ ഉപയോഗം പരമാവധി ഒഴിവാക്കുക. കൂടാതെ കാപ്പി, ചായ, കോളകൾ തുടങ്ങിയ ഉത്തേജനം നൽകുന്ന പാനീയങ്ങൾ ഒഴിവാക്കുന്നതും ഉറങ്ങാനായി വെളിച്ചക്കുറവുള്ള ശാന്തമായ അന്തരീക്ഷം തെരഞ്ഞെടുക്കുന്നതും നല്ലതാണു. വ്യായാമം, വായന, സോഷ്യൽ മീഡിയയുടെ ശരിയായ ഉപയോഗം, പാചകം, കലാപരമായ പ്രവർത്തങ്ങൾ എന്നിവയിലൂടെ മാസിക സമ്മർദ്ദങ്ങളെ നമുക്ക് അതിജീവിക്കാൻ കഴിയും.

ഡോ. സെമിച്ചൻ ജോസഫ്
(പരിശീലകനും കൗൺസിലറും സ്മാർട്ട് ഇന്ത്യ ഫൌണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ സഹസ്ഥാപകനുമാണ് ലേഖകൻ)

Latest News