Sunday, November 24, 2024

ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ചൈന നിര്‍മിത ബുദ്ധി ഉപയോഗിച്ചേക്കാമെന്ന് മൈക്രോസോഫ്റ്റ്

ഇന്ത്യയിലെ ലോക്സഭ തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ ചൈന നിര്‍മിത ബുദ്ധിയുടെ ഉള്ളടക്കം ഉപയോഗിച്ചേക്കാമെന്ന് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. അമേരിക്ക, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളിലും നിര്‍മിത ഉള്ളടക്കങ്ങള്‍ ബാധിച്ചേക്കാമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. വിവിധ സമൂഹ മാധ്യമങ്ങളിലൂടെ ചൈന നിര്‍മിച്ച് പരീക്ഷിച്ച നിര്‍മിത ബുദ്ധിയുടെ ഓഡിയോ, വീഡിയോ ഉള്ളടക്കം കൂടുതല്‍ സൃഷ്ടിച്ച് വിതരണം ചെയ്യാനും സാധ്യതയുണ്ട്.

2023 മുതല്‍ ചൈനയില്‍ നിന്നും ഉത്തര കൊറിയയില്‍ നിന്നും ഇത്തരം സൈബര്‍ പ്രവണതകള്‍ കൂടുതല്‍ കണ്ടുവരുന്നതായും മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കി. ഇതിനായി ചൈന കൂടുതല്‍ സങ്കീര്‍ണ്ണമായ സാങ്കേതിക വിദ്യ ഉപയോഗിച്ചു വരുന്നതായും മൈക്രോസോഫ്റ്റ് നിരീക്ഷിക്കുന്നുണ്ട്.

ഇതിനാവശ്യമായ ഓഡിയോ, വീഡിയോ ഉള്ളടക്കങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കാനും ചൈന തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ ഒന്നു വരെ ഏഴ് ഘട്ടങ്ങളിലായാണ് ഇന്ത്യയില്‍ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. നാലിനാണ് ഫലപ്രഖ്യാപനം. ഇതിനിടയിലാണ് തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ ചൈന കൃത്രിമ നിര്‍മിത ബുദ്ധി ഉപയാഗിക്കുമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് രംഗത്തെത്തിയിരിക്കുന്നത്.

 

Latest News