Saturday, November 23, 2024

കാലാവസ്ഥാ വ്യതിയാനം; ലോകത്തുടനീളം ദേശാടന ശുദ്ധജലമത്സ്യങ്ങള്‍ 80 ശതമാനത്തിലേറെ കുറഞ്ഞതായി പഠനം

കാലാവസ്ഥ വ്യതിയാനം അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളില്‍ ദേശാടന ശുദ്ധജല മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ തകരുന്നതായി റിപ്പോര്‍ട്ട്. ഇത്തരം മത്സ്യങ്ങളുടെ എണ്ണം 80 ശതമാനത്തിലധികം കുറഞ്ഞതായി ലിവിങ് പ്ലാനറ്റ് ഇന്‍ഡക്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

1970-മുതല്‍ ലോകത്തെ എല്ലാ മേഖലകളിലും ദേശാടന ശുദ്ധജല മത്സ്യങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ട് പറയുന്നത്. തെക്കേ അമേരിക്കയിലും കരീബിയയിലും ദേശാടന മത്സ്യങ്ങള്‍ ഇല്ലാതാവുന്നതിന്റെ തോത് കൂടുതലാണ്. ഇവിടങ്ങളില്‍ 50 വര്‍ഷത്തിനിടെ ഈ ഇനങ്ങളുടെ ലഭ്യത 91 ശതമാനമായി കുറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യങ്ങളുടെ കുടിയേറ്റം ഈ പ്രദേശത്തുണ്ട്. എന്നാല്‍ അണക്കെട്ടുകളും ഖനനവും മനുഷ്യര്‍ വെള്ളം വഴിതിരിച്ചുവിടുന്നതും നദീതട ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നു.

യൂറോപ്പില്‍ ദേശാടന ശുദ്ധജല മത്സ്യങ്ങളുടെ എണ്ണം 75 ശതമാനം കുറഞ്ഞു. ദേശാടന ശുദ്ധജല മത്സ്യങ്ങള്‍ ഭാഗികമായോ പ്രത്യേകമായോ ശുദ്ധജല സംവിധാനങ്ങളെ ആശ്രയിക്കുന്നവയാണ്. ചിലത് കടലില്‍ ജനിച്ച് ശുദ്ധജലത്തിലേക്കു കുടിയേറുന്നു. തിരിച്ചും സംഭവിക്കും.

ദേശാടന ശുദ്ധജല മത്സ്യങ്ങള്‍ക്കു ചില സന്ദര്‍ഭങ്ങളില്‍ മുഴുവന്‍ ഭൂഖണ്ഡങ്ങളെയും ചുറ്റി സഞ്ചരിക്കാനാകും. പിന്നീട് ഇവര്‍ ജനിച്ച അരുവിയിലേക്കു തന്നെ തിരിച്ചെത്തുന്നു. അണക്കെട്ടുകളുടെയും തടയണകളുടെയും നിര്‍മാണം കാരണം പല നദികളുടെയും സ്വാഭാവിക ഒഴുക്ക് തടസപ്പെടുന്നത് ജീവിവര്‍ഗങ്ങളുടെ കുടിയേറ്റത്തെ തടയുന്നു.

വ്യവസായശാലകളില്‍നിന്നുള്ള മലിനീകരണം, റോഡുകളില്‍നിന്നും കൃഷിയിടങ്ങളില്‍നിന്നും ഒഴുകിയെത്തുന്ന മലിനജലം എന്നിവയും ഇത്തരം ദേശാടന മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. കാലാവസ്ഥ വ്യതിയാനവും ആവാസവ്യവസ്ഥയെയും ശുദ്ധജല ലഭ്യതയെയും താളം തെറ്റിക്കുന്നു. അശാസ്ത്രീയമായ മീന്‍പിടിത്തമാണ് മറ്റൊരു ഭീഷണി.

ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ റിപ്പോര്‍ട്ട് പ്രകാരം, ശുദ്ധജ മത്സ്യങ്ങളുടെ നാലിലൊന്ന് വംശനാശഭീഷണിയിലാണ്. ദേശാടന ശുദ്ധജല മത്സ്യങ്ങള്‍ ആനുപാതികമല്ലാത്ത തരം ഭീഷണിയാണ് നേരിടുന്നത്. 284 ഇനം ശുദ്ധജല മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

 

Latest News