സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആണ്‍കുട്ടികള്‍ക്ക് 1000 രൂപ പ്രതിമാസ സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. നേരത്തെ പെണ്‍കുട്ടികള്‍ക്കായി ‘പുതുമൈ പെണ്‍’ എന്ന പേരില്‍ ഇതുപോലെ പെണ്‍കുട്ടികള്‍ക്കായി ഒരു പദ്ധതി നേരത്തെ ഉണ്ടായിരുന്നു. പദ്ധതി പ്രകാരം ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പ്രതിമാസം 1000 രൂപ ലഭിക്കും.
ഈ പരിപാടി ആണ്‍കുട്ടികളിലേക്കും കൊണ്ടുവരാനാണ് സ്റ്റാലിന്‍ ‘തമിഴ് പുദല്‍വന്‍’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഇതിലൂടെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഉന്നതവിദ്യാഭ്യാസത്തിന് വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘തമിഴ് പുദല്‍വന്‍’, ‘പുതുമൈ പെണ്‍’ പദ്ധതികള്‍ ആവിഷ്‌കരിച്ച് ആരംഭിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
2022 സെപ്റ്റംബര്‍ 5-ന് ‘പുതുമൈ പെണ്‍’ പദ്ധതി ആരംഭിച്ചതുമുതല്‍, 2022-2023ല്‍ 2.09 ലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്ക് പ്രയോജനം ലഭിച്ചു, 2024ല്‍ 64,231 പേര്‍ കൂടി ഉള്‍പ്പെടുത്തി. ഇതുവരെ, ‘പുതുമൈ പെണ്‍ പദ്ധതി’ക്കായി സംസ്ഥാന സര്‍ക്കാര്‍ 371.77 കോടി രൂപ ചെലവഴിച്ചു. 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ 370 കോടി രൂപ അനുവദിച്ചു. ഈ വര്‍ഷം ആദ്യം തമിഴ് മീഡിയം സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കും പദ്ധതി വിപുലീകരിച്ചു.